കളമശേരിയിലെയും കടുങ്ങല്ലൂരിലെയും മാലിന്യമെത്തുന്നു
ഏലൂരിലെ സംസ്കരണസംവിധാനത്തെ അവതാളത്തിലാക്കുന്നു

ഏലൂരിലെ സംസ്കരണ ബിന്നിനുമുന്നിൽ അനധികൃതമായി മാലിന്യം തള്ളിയ നിലയിൽ
കളമശേരി
സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ രീതിയിൽ വികേന്ദ്രീകൃത ജൈവമാലിന്യസംസ്കരണ സംവിധാനമൊരുക്കിയ ഏലൂരിലേക്ക് കളമശേരി, കടുങ്ങല്ലൂർ ഭാഗങ്ങളിൽനിന്ന് ഇരുട്ടിന്റെ മറവിൽ ലോഡുകണക്കിന് മാലിന്യമെത്തുന്നതായി ആക്ഷേപം. ഇതോടെ ഏലൂരിലെ തുമ്പൂർമുഴി മോഡൽ സംസ്കരണകേന്ദ്രങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കാനാകാതെ സമ്മർദത്തിലായി.
ജൈവമാലിന്യസംസ്കരണത്തിന് ഏലൂർ നഗരസഭ വിവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 8000 വീടുകൾക്ക് ബയോ കമ്പോസ്റ്റർ ബിന്നുകൾ നൽകി കൂടാതെ ആറ് തുമ്പൂർമുഴി എയറോബിക് ബിന്നുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നുമുണ്ട്. മാലിന്യമുക്തനഗരമായി ഏലൂരിനെ നിലനിർത്താൻ ഈ സംവിധാനങ്ങൾ പര്യാപ്തമാണ്. അതോടൊപ്പം കൃത്യമായ മാലിന്യസംസ്കരണം ഉറപ്പാക്കാൻ ആരോഗ്യവിഭാഗം ജീവനക്കാരും ശുചീകരണത്തൊഴിലാളികളും സ്തുത്യർഹപ്രവർത്തനമാണ് നടത്തുന്നത്.
എന്നാൽ, സമീപ നഗരസഭയായ കളമശേരിയിൽനിന്നും കടുങ്ങല്ലൂർ പഞ്ചായത്തിൽനിന്നും മാലിന്യം ഏലൂർ നഗരസഭയുടെ ബിന്നുകളിൽ നിക്ഷേപിക്കുന്നത് പതിവായി. രണ്ട് തദ്ദേശസ്ഥാപനങ്ങളും സ്വന്തംനിലയിൽ മാലിന്യസംസ്കരണസംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.
കളമശേരി നഗരസഭയിൽനിന്ന് ആറാട്ടുകടവിലെ ബിന്നിലേക്കും കടുങ്ങല്ലൂരിൽനിന്ന് പാതിരാത്രിയിൽ പാതാളം, ടിസിസി ബിന്നുകളിലുമാണ് രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത്.
ശേഷിയിൽ കവിഞ്ഞതോതിൽ മാലിന്യമെത്തുന്നത് ബിന്നുകളുടെ പ്രവർത്തനത്തെ ബാധിക്കും. ബിന്നുകൾക്ക് മുന്നിൽ മാലിന്യം കൂട്ടിയിടുന്നതുമൂലം പ്രദേശത്ത് തെരുവുനായ്ക്കൾ കേന്ദ്രീകരിക്കുന്നതും ദുർഗന്ധമുയരുന്നതും ജീവനക്കാർക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ജൈവമാലിന്യസംസ്കരണം തകർക്കാനുള്ള നീക്കം ചെറുക്കുക:- എൽഡിഎഫ്
കളമശേരി
ഏലൂർ നഗരസഭ വിജയകരമായി നടപ്പാക്കിയ വികേന്ദ്രീകൃത ജൈവമാലിന്യസംസ്കരണ സംവിധാനങ്ങൾ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ജനങ്ങൾ രംഗത്തുവരണമെന്ന് എൽഡിഎഫ് പാലമെന്ററി പാർടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ യാതൊരുവിധ മാലിന്യസംസ്കരണസംവിധാനവും ഒരുക്കാത്തതാണ് അവിടെനിന്ന് ഏലൂരിലേക്ക് മാലിന്യമൊഴുകാൻ ഇടയാക്കുന്നത്.
അടിയന്തരമായി പ്രാദേശിക മാലിന്യസംസ്കരണസംവിധാനം ഒരുക്കാൻ തയ്യാറാകണം. രാത്രിയിലെ അനധികൃത മാലിന്യനിക്ഷേപം തടയാൻ ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെയും സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തനമാരംഭിക്കേണ്ടതുമുണ്ട്. നഗരസഭയുടെ ക്ലീൻ ഏലൂർ പദ്ധതി നിലനിർത്താൻ രംഗത്തിറങ്ങണമെന്നും സെക്രട്ടറി എ ഡി സുജിൽ പ്രസ്താവനയിൽ പറഞ്ഞു.










0 comments