വിസ വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്: പെരുന്പാവൂർ സ്വദേശി അറസ്റ്റിൽ

ഒറ്റപ്പാലം
യുകെയിൽ ജോലിക്ക് വിസ വാഗ്‌ദാനം ചെയ്ത് യുവാവിനെയും ഭാര്യയെയും കബളിപ്പിച്ച കേസിൽ പെരുന്പാവൂർ സ്വദേശി അറസ്റ്റിൽ. ഇഞ്ചക്കുടി വീട്ടിൽ അമൽ റാസിക്കിനെയാണ്(30) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. 16.16 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്.
ഒറ്റപ്പാലം പാലപ്പുറം സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. പുലാപ്പറ്റയിൽ വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസിലും പ്രതിയാണ് അമൽ. ഇൗ കേസിൽ റിമാൻഡിലായിരുന്ന ഇയാളെ കോടതി ഉത്തരവിലൂടെ ജയിലിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സമൂഹമാധ്യമത്തിൽ വിദേശത്ത് ജോലിയെന്ന പരസ്യം കണ്ടാണ് പരാതിക്കാരൻ പ്രതിയെ സമീപിച്ചത്. യുവതിക്ക് യുകെയിൽ നഴ്സ് വിസയും ഭർത്താവിന് കുടുംബവിസയും നൽകാമെന്നായിരുന്നു വാഗ്‌ദാനം. ഇതിനായി 15 ലക്ഷം രൂപ ചെലവ് വരുമെന്നും പറഞ്ഞു.
2025 ജനുവരി മുതൽ ജൂലൈവരെ പലതവണകളായി 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെ വാങ്ങി. ജൂലൈ ഏഴിന് ജോലിയിൽ പ്രവേശിക്കണമെന്ന് കാണിച്ച് ഒരു കമ്പനിയുടെ വ്യാജ കത്ത് നൽകി.
കത്ത് കിട്ടിയതോടെ യുവാവും ഭാര്യയും ജോലിചെയ്യുന്ന സ്ഥാപനത്തിൽനിന്ന് രാജിവച്ചു. യുകെയിൽ വാടകമുറിക്കും മറ്റ് രേഖകൾ തയ്യാറാക്കാനുമായി കുറച്ചുകൂടി പണം വേണമെന്നുപറഞ്ഞ് 1.16 ലക്ഷം രൂപകൂടി കൈക്കലാക്കി. എന്നാൽ ജോലിക്ക് പ്രവേശിക്കേണ്ട സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പ്രതിയെ പൊലീസ് തിരയുന്നതിനിടെയാണ് പുലാപ്പറ്റ ഉമ്മനഴിയിൽ വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസിൽ പിടിയിലായത്.









0 comments