വെർച്വൽ അറസ്‌റ്റ് ; എഴുപത്തിരണ്ടുകാരിയിൽനിന്ന് 19.70 ലക്ഷം തട്ടി

കൊച്ചി
വെർച്വൽ അറസ്‌റ്റ് സൈബർ തട്ടിപ്പിൽ എഴുപത്തിരണ്ടുകാരിക്ക് നഷ്‌ടമായത് 19.70 ലക്ഷം രൂപ. മുംബൈയിൽനിന്നുള്ള സിബിഐ അന്വേഷകസംഘമാണെന്ന് പറഞ്ഞാണ് എളംകുളം സ്വദേശിനി ലീലാമ്മ തോമസിൽനിന്ന് പണം തട്ടിയത്.
വീഡിയോ കോൾ വിളിച്ച സംഘം ലീലാമ്മ തോമസിന്റെ ആധാർ കാർഡ് ഉപയോഗിച്ച് 2023 നവംബറിൽ മുംബൈ കനറാ ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു. നരേഷ് ഗോയൽ എന്നയാൾ ഇൗ അക്കൗണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളിപ്പിച്ചിട്ടുണ്ടെന്നും തട്ടിപ്പുസംഘം ലീലാമ്മയെ വിശ്വസിപ്പിച്ചു. ഇതുവഴി രണ്ടു കോടി രൂപ അക്കൗണ്ടിൽ വന്നിട്ടുണ്ടെന്നും അതിനാൽ അറസ്‌റ്റ് വാറന്റ് ഉണ്ടെന്നും പറഞ്ഞു. അക്കൗണ്ടുകൾ വ്യക്തമായി പരിശോധിക്കാൻ അതിലുള്ള പണം അയച്ചുതരണമെന്നും സംഘം പറഞ്ഞു. ഇതനുസരിച്ച് ഡിസംബർ നാലിന് 5,20,000 രൂപയും ഡിസംബർ എട്ടിന് 14,50,000 രൂപയും ലീലാമ്മ തട്ടിപ്പുസംഘം പറഞ്ഞ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. പണം തിരികെ നൽകാത്തതിനെ തുടർന്ന് ലീലാമ്മ കടവന്ത്ര സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.










0 comments