ad
Deshabhimani

വൈറൽ പനി പടരുന്നു

viral fever
വെബ് ഡെസ്ക്

Published on Jul 27, 2025, 12:00 AM | 1 min read


കൊച്ചി

വൈറൽ പനിയിൽ വിറച്ച്‌ ജില്ല. ശമിക്കാതെ പെയ്യുന്ന മഴമൂലം വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലാണ്‌ പനിബാധിതർ അധികവും. സർക്കാർ ആശുപത്രികളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും വൻ തിരക്കാണുള്ളത്.

ഡെങ്കി, എലിപ്പനി, എച്ച്1 എൻ1 രോഗബാധിതരുടെ എണ്ണവും കൂടുകയാണ്‌. 16 മുതൽ 22 വരെയുള്ള തീയതികളിൽ 5724 പേർ വൈറൽ പനി ബാധിച്ച്‌ ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഒപിയിൽ എത്തി. ദിവസവും ഒപികളിൽ എത്തുന്ന 250ൽ 150 പേരും പനിബാധിതരാണെന്ന്‌ പള്ളുരുത്തി താലൂക്കാശുപത്രിയിലെ ഡോക്‌ടർ പറഞ്ഞു.


എറണാകുളം ജനറൽ ആശുപത്രിയിൽ രാവിലെ എട്ടിന്‌ ആരംഭിക്കുന്ന പനി ക്ലിനിക്കിൽ വൈകിട്ടാണ്‌ തിരക്ക്‌ അനുഭവപ്പെടുന്നത്. വൈകിട്ട്‌ ആറുവരെ തുടരുന്ന പനി ക്ലിനിക്കിൽ നാല്‌ ഡോക്‌ടർമാരുടെ സേവനമാണുള്ളത്. പനിബാധിച്ചവർ ജനറൽ ഒപി ഒഴിവാക്കി പനി ക്ലിനിക്കുകളുടെ സേവനം തേടണമെന്ന്‌ ജനറൽ ആശുപത്രി സൂപ്രണ്ട്‌ ഡോ. ആർ ഷാഹിർഷാ പറഞ്ഞു.


പനിബാധിതരാണെങ്കിലും ജോലിക്ക്‌ പോയശേഷം ചികിത്സ തേടിയെത്തുന്നവരാണ്‌ വൈകിട്ട്‌ ആശുപത്രികളിൽ എത്തുന്നത്‌. പനിബാധിതർ വിശ്രമമില്ലാതെ ജോലിക്ക്‌ പോകുന്നതും കുട്ടികൾ സ്‌കൂളിൽ എത്തുന്നതും വ്യാപനം കൂടുതലാക്കുമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ അറിയിച്ചു. മഴമൂലം വിദ്യാലയങ്ങൾ അവധിയായതിനാൽ സ്‌കൂളുകളിൽനിന്ന്‌ പനി പടരുന്നതിനുള്ള സാധ്യത കുറവാണ്.


വീടിനും സ്ഥാപനങ്ങൾക്കും ചുറ്റുമുള്ള വെള്ളക്കെട്ട്‌ ഒഴിവാക്കി ഡ്രൈ ഡേകൾ കൃത്യമായി ആചരിച്ചാൽ പകർച്ചപ്പനി തടയാനാകുമെന്ന്‌ ആരോഗ്യപ്രവർത്തകർ പറഞ്ഞു. മാലിന്യം കൂടിക്കിടക്കുന്നതും ഒഴിവാക്കണം. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കണമെന്നും ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home