കോമഡിഷോകളിൽ താരമായി വാസന്തി

നഗരസഭ ശുചീകരണ തൊഴിലാളിയും മിമിക്രി ആർട്ടിസ്റ്റുമായ വാസന്തി
ഇ കെ ഇക്‌ബാൽ
Published on Jun 07, 2026, 02:33 AM | 1 min read
പെരുമ്പാവൂർ
ശുചീകരണ തൊഴിലിനിടയിലും കലയെ കൈവിടാതെ വാസന്തി. നാടൻപാട്ട്, നാടോടിനൃത്തം, സിനിമാഗാനങ്ങൾ, നാടകം, മിമിക്രി തുടങ്ങിയ എല്ലാ കലാരൂപങ്ങളും ഇൗ മിടുക്കിക്ക് വഴങ്ങും. പെരുന്പാവൂർ നഗരസഭയിലെ സാനിറ്റേഷൻ വർക്കറായ വാസന്തി നവംബറിൽ സർവീസിൽനിന്ന് വിരമിക്കും.
കൂടാലപ്പാട് ഞാളുപരയ്ക്കൽ വാസന്തിയെ (59) അച്ഛനാണ് കലാകാരിയായി മാറ്റിയത്. ഷാപ്പുതൊഴിലാളിയായിരുന്ന കുറിച്ചിലക്കോട് വെള്ളാർ മാലി കൃഷ്ണനാണ് വാസന്തിയുടെ അച്ഛൻ. അച്ഛനാണ് ആദ്യഗുരു. നാടകം, ബാലെ, വില്ലടിച്ചാം പാട്ട് എന്നീ കലാരൂപങ്ങളിലൂടെയാണ് അച്ഛൻ അറിയപ്പെട്ടിരുന്നത്. തന്നെ കലാകാരിയാക്കിയത് അച്ഛനാണന്ന് വാസന്തി പറഞ്ഞു. 1980 സ്കൂൾ ജില്ലാ കലോത്സവത്തിൽ നല്ല നടിക്കുള്ള അവാർഡ് നേടിയിട്ടുണ്ട്.
മഴവിൽ മനോരമയുടെയും ഏഷ്യാനെറ്റിന്റെയും കോമഡിഷോകളിൽ അഭിനയിച്ചിട്ടുണ്ട്. ഏഷ്യനെറ്റിന്റെ കോമഡി കുക്കിലാണ് ഒടുവിൽ അരങ്ങേറിയത്. 2006 നഗരസഭയിൽ ജോലിയിൽ പ്രവേശിച്ച വാസന്തി, നവംബറിൽ വിരമിക്കും. ചാനലുകൾ കോമഡിഷോയിലേക്ക് ക്ഷണിക്കുന്നുണ്ടെങ്കിലും ജോലിയുള്ളതിനാൽ ഇപ്പോൾ എല്ലാത്തിലും പങ്കെടുക്കാൻ സാധിക്കാറില്ല.
നഗരസഭ ഏൽപ്പിക്കുന്ന ജോലിക്കിടയിൽ സ്വയം പരിശീലനം നേടും. പാട്ടുകൾ മറക്കാതിരിക്കാൻ ശബ്ദമില്ലാതെ മനസ്സിൽ പാടും. ജോലിയുമായി ബന്ധപ്പെട്ടുള്ള മെഷീനിൽ പുല്ലുവെട്ടുന്ന ശബ്ദം, അടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം, ആട് കരയുന്നത്, യക്ഷി, നടി ഷീലയുടെ ശബ്ദം തുടങ്ങിയവയാണ് വേദിയിൽ അവതരിപ്പിക്കുന്നത്. സർവീസിൽനിന്ന് പിരിഞ്ഞാൽ മുഴുവൻസമയവും കലാരംഗത്ത് പ്രവർത്തിക്കും. ഭർത്താവ് മോഹനനും മക്കളായ കൃഷ്ണദാസും പ്രേംജിത്തും വാസന്തിയുടെ കലാപ്രവർത്തനത്തിന് പൂർണ പിന്തുണയാണ് നൽകുന്നത്.










0 comments