കരുമാല്ലൂർ ഗവ. എൽപി സ്കൂളിൽ വർണക്കൂടാരം തുറന്നു

കരുമാല്ലൂർ
ഗവ. എൽപി സ്കൂളിൽ നിർമാണം പൂർത്തിയായ പ്രീ സ്‌കൂൾ, വർണക്കൂടാരം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ അധ്യക്ഷയായി. പൊതുവിദ്യാഭ്യാസവകുപ്പ്, സമഗ്രശിക്ഷാ കേരള, നോർത്ത് പറവൂർ ബിആർസി എന്നിവ ചേര്‍ന്ന് സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി സ്കൂളിന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വർണക്കൂടാരം ഒരുക്കിയിട്ടുള്ളത്.
കുട്ടികളുടെ കലാപ്രകടനങ്ങൾക്കുള്ള ആവിഷ്‌കാര ഇടം, കരകൗശല ഇടം, ശാസ്ത്രാനുഭവങ്ങൾക്കുള്ള ഇടം, വായനയ്ക്കും എഴുത്തിലേക്കും പ്രചോദിപ്പിക്കുന്ന ഭാഷാവികസന ഇടം, വർണ ഇടം, ഗണിത ഇടം എന്നിങ്ങനെ 13 പ്രവർത്തന ഇടങ്ങളാണ് കുരുന്നുകൾക്ക് പഠനം ആസ്വാദ്യമാക്കാന്‍ ഒരുക്കിയത്. വിവിധ മേഖലകളിൽ ശ്രദ്ധേയരായ കെ ഷയാൻ റസ്സൽ, വി എസ് സാൻവിക, കാർത്തിക് കൃഷ്ണ, ഹിഗ്വെയ്ൻ അനുമോദ് എന്നിവർക്ക് മന്ത്രി, സ്മരണിക നൽകി.
വർണക്കൂടാരം ശിൽപ്പികളായ രാജു കോട്ടുവള്ളി, പി എസ് സനൽ എന്നിവരെ ആദരിച്ചു. എസ്എസ്‍കെ ജില്ലാ ഡിപിഒ വി ആർ ദീപാദേവി പദ്ധതി വിശദീകരിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കരുമാല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോൾസൺ ഗോപുരത്തിങ്കൽ, റംല ലത്തീഫ്, ജോർജ് മേനാച്ചേരി, ശ്രീദേവി സുധി, കെ എസ് പ്രേംജിത്ത് എന്നിവർ സംസാരിച്ചു.










0 comments