തുടരുന്നു, നേരവും കാലവുമില്ലാതെ പവർകട്ട്

കൊച്ചി
പ്രത്യേക നേരവും കാലവുമില്ലാതെ തോന്നുംപടി പവർകട്ട് തുടരുന്നതിൽ നാടെങ്ങും പ്രതിഷേധം. രാത്രി വൈകിയ നേരത്തുള്ള പവർകട്ട് രോഗികളെയും പ്രയാധിക്യമുള്ളവരെയും ഏറെ പ്രയാസപ്പടുത്തുന്നതായി പരാതികളുയർന്നിട്ടും പാതിരാത്രിയിലെ കട്ട് തുടരുകയാണ്. കെഎസ്‌ഇബി ഓഫീസുകളിൽ നിന്ന് സമയമറിയിച്ചുള്ള സന്ദേശം അയക്കുന്നുണ്ടെങ്കിലും പവർകട്ടിൽ ആ സമയക്രമം പാലിക്കുന്നില്ലെന്ന പരാതിയും വ്യാപകം.
രാത്രികാലങ്ങളിലെ കട്ടിന്റെ സമയം മാത്രമാണ് കെഎസ്‌ഇബിയിൽ നിന്ന് ഉപയോക്താക്കളെ അറിയിക്കുന്നത്. പകൽ സമയത്ത് പലപ്പോഴായി കട്ട് ചെയ്യുന്നുണ്ടെങ്കിലും സമയം അറിയിക്കുന്നില്ല. അതിരാവിലെയുള്ള കട്ട് ഒഴിവാക്കി പത്തിന് ശേഷമാണ് വൈേദ്യുതി വിഛേദിക്കൽ. ഇത് ആശുപത്രികൾ മുതൽ ഹോട്ടലുകളെയും ചെറുതും വലുതുമായ വ്യവസായശാലകളെയും പ്രതിസന്ധിയിലാക്കുന്നു. വീടുകളുടെ നിർമാണം ഉൾപ്പെടെ നിർമാണമേഖലയാകെ നിലച്ച അവസ്ഥയിലാണ്.
അധികൃതരോട് പരാതി പറഞ്ഞിട്ട് ഫലമില്ലാത്തതിനാൽ സമൂഹ മാധ്യമപേജുകളിലാണ് പവർകട്ട് ദുരിതമനുഭവിക്കുന്നവരുടെ രോഷപ്രകടനം. ഗതികേട് മൂലമുണ്ടായ നിസഹായാവസ്ഥ കൂടിയാണ് പലരും അത്തരം കുറിപ്പുകളിലൂടെ പങ്കുവയ്‌ക്കുന്നത്.
കഴിഞ്ഞ ദിവസത്തെ കട്ടിനോട് പ്രതികരിച്ച് സമൂഹമാധ്യമത്തിൽ കണ്ട കുറിപ്പ് ഇങ്ങനെ: ‘ എന്തൊരു അവസ്ഥയാണ്. പകൽ പവർകട്ട് സഹിക്കാം. പക്ഷെ രാത്രിയുള്ള ഈ പവർകട്ട് സഹിക്കാനേ കഴിയുന്നില്ല. എന്തൊരു ചൂടാണ്. സത്യം പറഞ്ഞാൽ രാത്രി കറണ്ട് പോകുമ്പോൾ മരണവെപ്രാളം പോലെയാണ്. താങ്ങാൻ കഴിയുന്നില്ല, അമിതമായ ചൂട്. ഫാൻ ഇല്ലെങ്കിൽ ഉറങ്ങാനെ കഴിയില്ല. കൊച്ചുകുട്ടികളുടെ അവസ്ഥ അതിലും കഷ്ടമാണ്. കറണ്ട് പോകുമ്പോൾ ചൂടുകൊണ്ട് കരയുകയാണ് അവർ. ഒരു ഏഴുവർഷത്തിനുള്ളിൽ ഇതുപോലൊരു അവസ്ഥ വന്നിട്ടില്ല. എന്തൊരു കഷ്ടമാണ്’.









0 comments