ad
Deshabhimani

സ്ഥലമേറ്റെടുക്കൽ

വിജ്ഞാപനം വൈകുന്നു; കൊച്ചി 
ഒ‍ൗട്ടർ റിങ് റോഡിൽ ആശങ്ക

ring road
avatar
സ്വന്തം ലേഖകൻ

Published on Sep 19, 2026, 02:41 AM | 1 min read

കൊച്ചി


നിർദിഷ്ട അങ്കമാലി-–അരൂർ ഔട്ടർ റിങ് റോഡിനുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഇനിയും വരാത്തതിനാൽ പദ്ധതി നിർമാണവും പൂർത്തീകരണവും വൈകുമെന്ന്‌ ആശങ്ക. ജൂൺ 19ന്‌ പദ്ധതി അംഗീകരിച്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭൂമിയേറ്റെടുക്കലിനുള്ള പ്രാഥമിക വിജ്ഞാപനം ആഗസ്‌ത്‌ എട്ടിന്‌ പുറത്തിറക്കിയിരുന്നു. തുടർന്ന്‌ ഭൂമിയേറ്റെടുക്കൽ നടപടികളിലേക്ക്‌ കടക്കാൻ ആവശ്യമായ 3(എ) വിജ്ഞാപനം ആഗസ്‌ത്‌ അവസാനമോ സെപ്‌തംബർ ആദ്യവാരമോ പ്രസിദ്ധീകരിക്കുമെന്നാണ്‌ അറിയിച്ചിരുന്നത്‌. സെപ്‌തംബർ മൂന്നാംവാരത്തിലും വിജ്ഞാപനം വരാത്തതാണ്‌ പദ്ധതിയുടെ ഭാവി ആശങ്കയിലാക്കുന്നത്‌.


എറണാകുളം ജില്ലയിലെ അങ്കമാലിയിൽനിന്ന്‌ ആരംഭിച്ച്‌ ആലപ്പുഴ ജില്ലയിലെ അരൂരിലെത്തുന്ന 49.5 കിലോമീറ്റർ എട്ടുവരി ഗ്രീൻഫീൽഡ്‌ ഹൈവേ ഇരുജില്ലകളിലുമായി 20 വില്ലേജുകളിലൂടെയാണ്‌ കടന്നുപോകുന്നത്‌. 363.73 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. പ്രാഥമിക വിജ്ഞാപനത്തിൽ പാത കടന്നുപോകുന്ന വില്ലേജുകളുടെ പേരുവിവരം മാത്രമാണുള്ളത്‌. ഏറ്റെടുക്കേണ്ട സ്വകാര്യഭൂമിയുടെ ഉൾപ്പെടെ സർവേ നന്പറും വിസ്‌തീർണവും ഉൾപ്പെടുന്ന വിജ്ഞാപനമാണ്‌ ഇനി വരേണ്ടത്‌. ഇതിറക്കിയാൽ ഒരു വർഷത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കേണ്ടതുണ്ട്.


എന്നാൽ മാത്രമേ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുന്ന നടപടികൾക്കായി 3(ഡി) വിജ്ഞാപനം പുറപ്പെടുവിക്കാനാകൂ. അല്ലാത്തപക്ഷം വിജ്ഞാപനങ്ങൾ കാലഹരണപ്പെടും. അടുത്തവർഷം അവസാനത്തോടെ അതെല്ലാം പൂർത്തിയാക്കി നിർമാണം ആരംഭിക്കുമെന്ന്‌ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി സംസ്ഥാനത്തിന്‌ ഉറപ്പുനൽകിയെങ്കിലും അതിൽനിന്ന്‌ പിന്നോട്ടുപോകുന്നതിന്റെ സൂചനകളാണ്‌ കാണുന്നത്‌.


അങ്കമാലി–ഇടപ്പള്ളി ദേശീയപാത 544 ലെയും ദേശീയപാത 66 ഇടപ്പള്ളി–അരൂർ ബൈപാസിലെയും ഗതാഗതത്തിരക്ക്‌ ഒഴിവാക്കാൻ സഹായകമാകുന്ന ഒ‍ൗട്ടർ റിങ് റോഡ്‌ പദ്ധതിയെ കൊച്ചി ഏറെ പ്രതീക്ഷയോടെയാണ്‌ കാത്തിരിക്കുന്നത്‌. മൂത്തകുന്നം–ഇടപ്പള്ളി ആറുവരി ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്പോൾ ഇടപ്പള്ളി– അരൂർ ബൈപാസിലേക്ക്‌ അതിവേഗം വാഹനങ്ങൾ കുത്തിയൊഴുകും. അതോടൊപ്പം ദേശീയപാത 544 ലൂടെ അങ്കമാലിയിൽനിന്നുള്ള വാഹനനിരകൂടിയാകുന്പോൾ കൊച്ചി നഗരം അക്ഷരാർഥത്തിൽ കുരുങ്ങും. റിങ് റോഡ്‌ അതിവേഗം പൂർത്തിയാക്കൽ മാത്രമാണ്‌ പരിഹാരം.


ഭൂമിയേറ്റെടുക്കലിനുള്ള വിജ്ഞാപനം അനിശ്ചിതമായി നീണ്ടുപോയിട്ടും സംസ്ഥാന സർക്കാരോ ജില്ലയിൽനിന്നുള്ള ജനപ്രതിനിധികളോ ഇടപെടാത്തതും ആക്ഷേപത്തിനിടയാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home