മഴുവന്നൂര്‍ ട്വന്റി 20 ഭരണസമിതിയില്‍ ഭിന്നത; അംഗങ്ങള്‍ കമ്മിറ്റി ബഹിഷ്‌കരിച്ചു

കോലഞ്ചേരി
മഴുവന്നൂര്‍ പഞ്ചായത്ത് ട്വന്റി 20 ഭരണസമിതിയില്‍ ഭിന്നത രൂക്ഷം. പഞ്ചായത്ത് വികസനസദസ്സ് നടത്തേണ്ടതില്ലെന്ന ഭരണസമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മൂന്ന് ട്വന്റി 20 അംഗങ്ങള്‍ പ്രതിപക്ഷത്തിനൊപ്പംചേര്‍ന്ന് കമ്മിറ്റി ബഹിഷ്‌കരിച്ചു.
ഏഴാംവാര്‍ഡ് അംഗം കെ കെ ശ്രീനിവാസ് (7), നിജ ബൈജു (11), ശ്രീലക്ഷ്മി (19) എന്നിവരാണ് ട്വന്റി 20 നിലപാടിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. എല്‍ഡിഎഫ് അംഗങ്ങളായ ജോര്‍ജ് ഇടപ്പരത്തി, കെ പി വിനോദ്കുമാര്‍, കെ കെ ജയേഷ്, കോണ്‍ഗ്രസ് അംഗം പി ജി അനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പം ഇവര്‍ യോഗം ബഹിഷ്‌കരിച്ച് വിയോജനക്കുറിപ്പില്‍ ഒപ്പുവച്ചു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ വികസനസദസ്സില്‍ ചര്‍ച്ച ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ ചേര്‍ന്ന കമ്മിറ്റിയാണ് ഇറങ്ങിപ്പോക്കിലും ബഹളത്തിലും കലാശിച്ചത്. സര്‍ക്കാര്‍നിര്‍ദേശം നടപ്പാക്കണമെന്ന് പ്രതിപക്ഷവും മൂന്ന് ട്വന്റി 20 അംഗങ്ങളും ആവശ്യപ്പെട്ടു. ഇത് നടപ്പിലാക്കാനാകില്ലെന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചത്. ബഹളം രൂക്ഷമായതോടെ എതിര്‍ത്ത അംഗങ്ങള്‍ വിയോജനക്കുറിപ്പ് നല്‍കി കമ്മിറ്റി ബഹിഷ്‌കരിച്ചു.
പദ്ധതിനിര്‍വഹണത്തില്‍ ഏറ്റവും പിന്നാക്കംനില്‍ക്കുന്ന പഞ്ചായത്തിന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതിനാലാണ് നവകേരളസദസ്സ് വേണ്ടെന്നുവച്ചതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. അഞ്ചുവര്‍ഷം പഞ്ചായത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഫണ്ടിന്റെ വിവരങ്ങള്‍ ജനങ്ങള്‍ അറിയുമെന്ന ഭയവും ഭരണസമിതിക്കുണ്ടെന്ന് അംഗങ്ങള്‍ പറഞ്ഞു. ആകെയുള്ള 19 അംഗങ്ങളില്‍ ഏഴ് അംഗങ്ങള്‍ ഭരണസമിതിയുടെ ജനാധിപത്യവിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ച് വരുംദിവസങ്ങളില്‍ കൂടുതല്‍ ട്വന്റി 20 അംഗങ്ങള്‍ രംഗത്തുവരുമെന്ന് സൂചനയുണ്ട്.








0 comments