ട്വന്റി 20 അടിത്തറ ഇളകി ; പാർടി വിട്ട് നേതാക്കളും പ്രവർത്തകരും

കൊച്ചി
ട്വന്റി 20 ബന്ധം ഉപേക്ഷിച്ച് നേതാക്കളും പ്രവർത്തകരും. പാർടിയുടെ അടിത്തറ ഇളക്കിയാണ് കൂട്ടത്തോടെ പ്രവര്‍ത്തകരുടെ രാജി. കൂടുതൽ പേർ രാജിവയ്‌ക്കുമെന്നാണ് വിവരം. ചീഫ് കോ–ഓർഡിനേറ്റർ സാബു എം ജേക്കബിന്റെ തനിനിറം മനസ്സിലായതോടെയാണ് നേതാക്കളും പ്രവർത്തകരും പാർടി വിട്ടത്. പാർടിയിൽ സാബുവിന്റെ ഏകാധിപത്യവും അഴിമതിയുമാണെന്ന് തുറന്നുപറഞ്ഞാണ് ട്വന്റി 20 ബന്ധം വിച്ഛേദിച്ചിരിക്കുന്നത്.
ജില്ലാ കോ–ഓർഡിനേറ്റർ എ വൈ ജോസ്, കുന്നത്തുനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം വി നിതമോൾ, മഴുവന്നൂർ പഞ്ചായത്തംഗങ്ങളായ കെ കെ ശ്രീനിവാസൻ, നിത അനിൽ, നിജ ബൈജു എന്നിവർ രാജിവച്ചു. ജില്ലാപഞ്ചായത്തംഗങ്ങളായ ഉമ മഹേശ്വരി, മഴുവന്നൂർ പഞ്ചായത്തംഗങ്ങളായ ശ്രീലക്ഷ്‌മി, അനിൽ കൃഷ്ണൻ എന്നിവർ ഏറെനാളായി പ്രവർത്തനരംഗത്തുനിന്ന് വിട്ടുനിൽക്കുന്നു. ഐക്കരനാട് പഞ്ചായത്ത് അംഗവും ശ്രീജ സന്തോഷും രാജിവച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് മത്സരിച്ച ആന്റണി ജൂഡിയും കഴിഞ്ഞദിവസം രാജിവച്ചിരുന്നു. നിരവധി പ്രവർത്തകരും ഇവർക്കൊപ്പം പാർടി വിട്ടു.
നിക്ഷിപ്‌തതാൽപ്പര്യത്തോടെ, നാടിന്റെ വികസനത്തോട് മുഖംതിരിച്ച് നിൽക്കുന്ന സമീപനമാണ് ട്വന്റി 20 നേതൃത്വത്തിന്റേത്. ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുകയും ജനപ്രതിനിധികളെ നോക്കുകുത്തിയാക്കുകയുമാണ് നേതൃത്വമെന്ന് രാജിവച്ചവർ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ ഇടങ്ങളിൽ അധികാരം പിടിക്കാനുള്ള അതിമോഹത്തിന് തിരിച്ചടിയാണ് കൂട്ടത്തോടെയുള്ള രാജി. പൊള്ളയായ വാഗ്‌ദാനങ്ങളിൽ തീർത്ത അടിത്തറ പൊളിഞ്ഞുതുടങ്ങിയതോടെ പരിഭ്രാന്തിയിലാണ് ചീഫ് കോ–ഓർഡിനേറ്ററും സംഘവും.








0 comments