കിഴക്കമ്പലം പഞ്ചായത്ത് ഓഫീസിലേക്ക് കർഷക മാർച്ച്

കിഴക്കമ്പലം
ട്വന്റി 20 ഭരണസമിതിയുടെ കർഷകവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണം 10 വർഷത്തിലേക്ക് എത്തുമ്പോൾ തരിശുരഹിത പഞ്ചായത്തെന്നത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയെന്ന് കർഷകസംഘം വ്യക്തമാക്കി.
കാർഷിക മേഖലയിലടക്കം പദ്ധതികൾ നടപ്പാക്കാതെയാണ് 27 കോടി ലാഭമുണ്ടാക്കിയതായി ഭണസമിതി പറയുന്നത്. മിച്ചമുണ്ടെന്ന് പറയുന്ന തുക പഞ്ചായത്തിലെ 200 കുടുംബങ്ങൾക്ക് പച്ചക്കറി കൃഷി ചെയ്യുന്നതിനും ഇവരുടെ ഉൽപ്പന്നങ്ങൾ ന്യായവിലയ്‌ക്ക് ശേഖരിച്ച് വിപണനം നടത്തുന്നതിന് കാർഷിക വിപണി തുടങ്ങുന്നതിനുമായി ഉപയോഗിക്കണം.
600 ഹെക്ടർ വരുന്ന കിഴക്കമ്പലം പഞ്ചായത്തിലെ മുഴുവൻ പാടശേഖരങ്ങളും വൃത്തിയാക്കി കൃഷിയിറക്കുന്നതിനും ജാതി, വാഴ, കുരുമുളക്, തെങ്ങ്, മരച്ചീനി തുടങ്ങിയ കൃഷികളുടെ പുനരുദ്ധാരണത്തിനും ആവർത്തന കൃഷിക്കുമായി ഉപയോഗിക്കണം. തോടുകളിലെ നീരൊഴുക്ക് വർധിപ്പിക്കുന്നതിന് ചെറുതോടുകളുടെ മണ്ണ് നീക്കി ചീപ്പ് നിർമിക്കണം. കർഷകരുടെ ഇത്തരം ന്യായമായ ആവശ്യങ്ങൾക്കുനേരെ കണ്ണടച്ചാൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
കർഷകസംഘം വില്ലേജ് പ്രസിഡന്റ് എം വി എൽദോ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ വി ഏലിയാസ്, സി പി ഗോപാലകൃഷ്ണൻ, എൻ എം അബ്ദുൾ കരിം, കെ വി ആന്റണി എന്നിവർ സംസാരിച്ചു.








0 comments