ടി കെ രാമകൃഷ്‌ണന് സ്‌മരണാഞ്ജലി

എരൂരിലെ ടി കെ രാമകൃഷ്ണൻ സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാസെക്രട്ടറി എസ് സതീഷ് പുഷ്പചക്രം സമർപ്പിക്കുന്നു
തൃപ്പൂണിത്തുറ
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ ടി കെ രാമകൃഷ്ണന്റെ സ്മരണ പുതുക്കി നാട്. ത്യാഗനിർഭരമായ പോരാട്ടജീവിതത്തിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടിയ നേതാവിന് നാടാകെ സ്മരണാഞ്ജലി അർപ്പിച്ചു. തൃപ്പൂണിത്തുറ ആസാദ് മൈതാനത്ത് ചേർന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ അനുസ്മരണ പ്രഭാഷണം നടത്തി.
കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, ജോൺ ഫെർണാണ്ടസ്, സി ബി ദേവദർശനൻ, കെ എസ് അരുൺകുമാർ, പി വാസുദേവൻ, സി എൻ സുന്ദരൻ തുടങ്ങിയവർ സംസാരിച്ചു. എരൂരിലെ ടി കെയുടെ സ്മൃതിമണ്ഡപത്തിൽ എസ് സതീഷ് പതാക ഉയർത്തി. സിപിഐ എം നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. സി കെ പരീത്, പി ആർ മുരളീധരൻ, സി കെ മണിശങ്കർ, കെ ജെ മാക്സി എംഎൽഎ, കെ എം റിയാദ്, പി എ പീറ്റർ തുടങ്ങിയവരും ടി കെയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കലൂർ ലെനിൻ സെന്ററിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി പതാക ഉയർത്തി. ദേശാഭിമാനി ഓഫീസിൽ ലോക്കൽ സെക്രട്ടറി ടി ആർ അനിൽകുമാർ പതാക ഉയർത്തി.










0 comments