തൃക്കാക്കര നഗരസഭ ; അങ്കണവാടിയും ശുചിമുറിയും റവന്യുഭൂമിയിലെന്ന് റിപ്പോർട്ട്

കാക്കനാട്
തൃക്കാക്കര നഗരസഭ മാവേലിപുരം വാർഡിൽ നിർമിക്കുന്ന അങ്കണവാടി, ശുചിമുറി, മുലയൂട്ടൽ കേന്ദ്രം എന്നിവ റവന്യുഭൂമിയിലാണെന്ന് കാക്കനാട് വില്ലേജ് ഓഫീസർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. അനുവാദമില്ലാതെ റവന്യുഭൂമിയിൽ നഗരസഭ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കാൻ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയതിന് പിന്നാലെയാണ് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയത്.
അങ്കണവാടി സ്ഥിതിചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ നഗരസഭയുടെ പക്കലുള്ള രേഖകൾ ഹാജരാക്കാൻ വില്ലേജ് ഓഫീസർ ഏഴുദിവസം സമയം നൽകിയിരുന്നു. ഇത് അവഗണിച്ച് നിർമാണവുമായി മുന്നോട്ടുപോയതോടെയാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
വെള്ളവും വൈദ്യുതിയും എത്തിക്കാതെ കാക്കനാട് ടെസ്റ്റ് ഗ്രൗണ്ടിൽ ഉദ്ഘാടന മാമാങ്കം നടത്തിയ ശുചിമുറിയും മുലയൂട്ടൽ കേന്ദ്രവും പ്രവർത്തനം തുടങ്ങാനായിട്ടില്ല. ആഴ്ചകൾക്കുമുമ്പ് കലക്ടറാണ് ഇവ ഉദ്‌ഘാടനം ചെയ്‌തത്. ഡ്രൈവിങ് ടെസ്റ്റിന് വരുന്നവർക്കും കൂടെയെത്തുന്നവർക്കും ഉപയോഗിക്കാനാണ് ശുചിമുറിയും മുലയൂട്ടൽകേന്ദ്രവും നിർമിച്ചത്.
വൈദ്യുതിയും വെള്ളവും എത്തിക്കുന്നതിന്റെ ചെലവ് ആരുവഹിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ശുചിമുറിയിൽ ടാങ്കർലോറിയിൽ വെള്ളമെത്തിച്ച് താൽക്കാലിക സംവിധാനമൊരുക്കി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതിയില്ലാത്തതിനാൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. മുലയൂട്ടൽ കേന്ദ്രം അടഞ്ഞുകിടക്കുന്നു. ഇതിനിടെയാണ് കെട്ടിടം നിർമിച്ചത് റവന്യുഭൂമിയിലാണെന്ന് കാക്കനാട് വില്ലേജ് ഓഫീസർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയത്.









0 comments