തൃക്കാക്കരയിൽ പദ്ധതികൾ വെട്ടിക്കുറച്ചു; കൗൺസിലിൽ പ്രതിഷേധം

കാക്കനാട്
ജില്ലാ ആസൂത്രണസമിതി പാസാക്കിയ പദ്ധതികൾ ഏകപക്ഷീയമായി തൃക്കാക്കര നഗരസഭ ഭരണസമിതി വെട്ടിക്കുറച്ചതിനെതിരെ എൽഡിഎഫ് പ്രതിഷേധം. 20 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതികളാണ് ഭരണസമിതി വേണ്ടന്നുവച്ചത്. എന്നാൽ, ഇക്കാര്യം അറിഞ്ഞില്ലെന്ന് സ്ഥിരംസമിതി അധ്യക്ഷരായ ടി ജി ദിനൂപും റസിയ നിഷാദും കൗൺസിലിൽ പറഞ്ഞു.
നഗരസഭ അധ്യക്ഷയും വികസന സ്ഥിരംസമിതി അധ്യക്ഷയും എഎക്സ്ഇയും ചേർന്ന് പ്രതിപക്ഷ അംഗങ്ങളുടേതുൾപ്പെടെ പദ്ധതികൾ ഒഴിവാക്കുകയും തുക വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് എൽഡിഎഫ് ആരോപിച്ചു.
പൊതുമരാമത്ത് സ്ഥിരംസമിതിയെ നോക്കുകുത്തിയാക്കി നഗരസഭയിൽ പ്രവൃത്തികൾ നടക്കുന്നത് അനുവദിക്കില്ല. എൽഡിഎഫ് അംഗങ്ങളുടെ ഡിവിഷൻ ഫണ്ട് ചെലവാക്കാൻപോലും അനുവാദം നൽകാത്ത നടപടി തിരുത്തണമെന്നും പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു പറഞ്ഞു. ഭരണസമിതി അംഗമായ ഒരു കൗൺസിലർ മണ്ണുമാഫിയക്കുവേണ്ടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായി മുസ്ലിംലീഗ് അംഗം സജീന അക്ബർ ആരോപിച്ചു.









0 comments