തൃക്കാക്കര നഗരസഭയിലെ മാലിന്യനീക്കത്തിലെ അഴിമതി ; വിജിലൻസ് അന്വേഷണം തുടങ്ങി

കാക്കനാട്
മാലിന്യനീക്കത്തിന്റെ പേരിൽ തൃക്കാക്കര നഗരസഭയിൽനിന്ന് പണം വെട്ടിക്കുന്നതായി പ്രതിപക്ഷ കൗൺസിലർമാർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങി. വിജിലൻസ് ഉദ്യോഗസ്ഥർ നഗരസഭയിലെത്തി പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബുവിന്റെയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി.
2022ൽ മഴക്കാലപൂർവ ശുചീകരണത്തിലും നഗരസഭയിലെ മാലിന്യനീക്കത്തിൽ വ്യാജബിൽ നൽകിയതുമാണ് പരാതിക്കടിസ്ഥാനം. 2024 നവംബറിൽ ധന സ്ഥിരംസമിതിയിൽ ആരോഗ്യവിഭാഗം സൂപ്പർവൈസർ മാലിന്യനീക്കത്തിനുള്ള ബില്ലിൽ കൃത്രിമത്വം നടക്കുന്നതായി അറിയിച്ചു. നഗരസഭയിൽനിന്ന് കയറിപ്പോകുന്ന മാലിന്യത്തിന്റെ തൂക്കം കൂട്ടിക്കാണിച്ചും ലോഡിന്റെ എണ്ണം കൂട്ടിയുമാണ് തട്ടിപ്പ് നടത്തിയത്. 80,000 രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ ഏജൻസി സമർപ്പിച്ച 10 ലക്ഷം രൂപയുടെ ബിൽ സെക്രട്ടറി തിരിച്ചയച്ചു. തുടർന്ന് മാലിന്യനീക്കത്തിന്റെ ഒരുവർഷത്തെ കണക്കുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സെക്രട്ടറി ആരോഗ്യവിഭാഗത്തോട് ആവശ്യപ്പെട്ടു. മാലിന്യനീക്കത്തിന്റെ അളവ് തിട്ടപ്പെടുത്താൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് ചുമതല നൽകി.
തൃക്കാക്കര നഗരസഭയിൽനിന്ന് പകുതി ലോഡുമായി പോകുന്ന സ്വകാര്യ ഏജൻസിയുടെ വാഹനം കളമശേരി നഗരസഭയിലെ മാലിന്യവും കയറ്റി തൂക്കം കണക്കാക്കി തൃക്കാക്കരയിൽനിന്ന് ബിൽ ഈടാക്കുകയും ഇല്ലാത്ത ലോഡിന് ഇരുചക്രവാഹന നമ്പർ ഉപയോഗിച്ച് വ്യാജബിൽ നൽകി ലക്ഷങ്ങൾ തട്ടിയതായും പരാതിക്കാരൻ പറയുന്നു.
ഇല്ലാത്ത തോട് ശുചീകരണം നടത്തിയതായി കാണിച്ച് ലക്ഷങ്ങൾ മാറിയതിനും ഏഴുലക്ഷം രൂപയുടെ റോഡ് നിർമാണത്തിന് 70 ലക്ഷം രൂപയുടെ ബിൽ തയ്യാറാക്കിയതിനും കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് നിർമിച്ച വാഴക്കാല കാർഗിൽ കലുങ്കിന്റെ പേരിൽ പുതിയ ബില്ലുണ്ടാക്കിയും ഭരണസമിതി പണം തട്ടിയതായി പ്രതിപക്ഷ അംഗങ്ങൾ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്.









0 comments