തൃക്കാക്കര നഗരസഭ ; സോളാർ സിറ്റി പദ്ധതി ടെൻഡർ നടപടി കൗൺസിൽ അറിയാതെ നടപ്പാക്കാൻ ശ്രമം

കാക്കനാട്
കൗൺസിലറിയാതെ തൃക്കാക്കര നഗരസഭ 14–-ാംവാര്‍ഡ് മാവേലിപുരത്ത് കോടികളുടെ പദ്ധതികൾ അനുവദിച്ചതിനെതിരെ യുഡിഎഫ് കൗൺസിലർ രംഗത്ത്.
കോണ്‍ഗ്രസ് ജനപ്രതിനിധിയുടെ ഈ വാര്‍ഡിലേക്ക് സോളാർ സിറ്റി പദ്ധതി ഉൾപ്പെടെ ടെന്‍ഡര്‍ നടത്തി അനുവദിച്ചിട്ടുണ്ട്. ചൊവ്വ രാവിലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് മുൻ വൈസ് ചെയർമാനും മുസ്ലിംലീഗ് അംഗവുമായ പി എം യൂനസ് എൽഡിഎഫ് അംഗങ്ങൾക്കൊപ്പം ഈ തീരുമാനത്തില്‍ എതിർപ്പ് അറിയിച്ചത്. സോളാർ സിറ്റി പദ്ധതി മാവേലിപുരത്ത് നടപ്പാക്കാനുള്ള തീരുമാനം കൗൺസിൽ യോഗത്തിലും പൊതുമരാമത്ത് സ്ഥിരംസമിതിയിലും അറിയിക്കാതെ നടപ്പാക്കുന്നതിനെ എൽഡിഎഫ് എതിർത്തു.
നഗരസഭ പദ്ധതികളുടെ ടെൻഡർ തയ്യാറുക്കുന്നതിനുമുമ്പ് പൊതുമരാമത്ത് സ്ഥിരംസമിതിയിൽ ചർച്ച ചെയ്യണമെന്ന കൗൺസിൽ തീരുമാനം ഭരണസമിതി തുടർച്ചയായി അട്ടിമറിക്കുകയാണ്. സോളാർ സിറ്റി പദ്ധതി, ഏരിയ കലക്‌ഷൻ സെന്റർ ഡിപിആർ എന്നിവ ആരും അറിയാതെ തയ്യാറാക്കി ടെൻഡർ ചെയ്ത നടപടിയിൽ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ ആരോപണം ഭരണപക്ഷ അംഗങ്ങളും ശരിവച്ചു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി മുന്നോട്ടുപോകുകയാണെങ്കിൽ സ്ഥിരംസമിതി പിരിച്ചുവിടണമെന്ന് സമിതി അധ്യക്ഷ റസിയ നിഷാദ് പറഞ്ഞു. ഭരണപക്ഷ യുഡിഎഫ് കൗൺസിലർമാരായ നൗഷാദ് പല്ലച്ചി, ഷാജി വാഴക്കാല, അജിത തങ്കപ്പൻ എന്നിവരും ഭരണസമിതിക്കെതിരെ സംസാരിച്ചു. എൽഡിഎഫ് അംഗങ്ങളായ എം കെ ചന്ദ്രബാബു, ജിജോ ചിങ്ങത്തറ എന്നിവർ ചർച്ചയിൽ സംസാരിച്ചു.









0 comments