തൃക്കാക്കര നഗരസഭ ; ബ്ലീച്ചിങ് പൗഡര്‍ വിതരണം ചെയ്യാതെ കൂട്ടിയിട്ടു : പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാര്‍

നഗരസഭ വിതരണം ചെയ്യാതെ കുടുംബശ്രീ ഓഫീസിനുസമീപം കൂട്ടിയിട്ടിരുന്ന ബ്ലീച്ചിങ് പൗഡര്‍ ചാക്കുകൾ നഗരസഭ അധ്യക്ഷയുടെ ഓഫീസിനുമുന്നിൽ എത്തിച്ച് എൽഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിക്കുന്നു
കാക്കനാട്
തൃക്കാക്കര നഗരസഭയിൽ ബ്ലീച്ചിങ് പൗഡർ വിതരണം ചെയ്യാതെ കുടുംബശ്രീ ഓഫീസിനടുത്ത് കൂട്ടിയിട്ടിരിക്കുന്നതിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം.
കുടുംബശ്രീ സിഡിഎസ് ഓഫീസിനടുത്തായി കൂട്ടിയിട്ടിരിക്കുന്ന ബ്ലീച്ചിങ് പൗഡർ ചാക്കില്‍നിന്ന് രൂക്ഷഗന്ധമാണ് ഉണ്ടാകുന്നത്. ഇതിനെതിരെ
നഗരസഭ അധ്യക്ഷയുടെയും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്റെയും ഓഫീസിനുമുന്നിൽ ബ്ലീച്ചിങ് പൗഡർ ചാക്കുകെട്ടുകൾ എത്തിച്ചായിരുന്നു പ്രതിഷേധം.ആരോഗ്യവിഭാഗം ഓഫീസിനുമുന്നിലും പ്രതിഷേധക്കാർ ചാക്കുകൾ കൊണ്ടുവച്ചു.
നിരവധിതവണ കുടുംബശ്രീ അംഗങ്ങൾ പരാതിപറഞ്ഞിട്ടും നഗരസഭ ആരോഗ്യവിഭാഗം പ്രശ്നപരിഹാരം കണ്ടില്ലെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് എം കെ ചന്ദ്രബാബു പറഞ്ഞു. പൊതുമരാമത്ത് സ്ഥിരം അധ്യക്ഷ റസിയ നിഷാദ്, ജിജോ ചിങ്ങത്തറ, എം ജെ ഡിക്സൻ, പി സി മനൂപ്, സുനി കൈലാസൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
എൽഡിഎഫ് പ്രതിഷേധത്തെ തുടർന്ന് ബ്ലീച്ചിങ് പൗഡർ ചാക്കുകൾ ഉച്ചയോടെ കാക്കനാട് ഉദ്യാന ലൈബ്രറി കെട്ടിടത്തിലേക്ക് മാറ്റാൻ നഗരസഭ ആരോഗ്യവിഭാഗം നിർദേശം നൽകി.
കഴിഞ്ഞ ഏഴ് മാസമായി മൂന്നാംനിലയിലെ കുടുംബശ്രീ സിഡിഎസ് ഓഫീസിനുസമീപത്തായി ബ്ലീച്ചിങ് പൗഡർ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിൽനിന്നുള്ള രൂക്ഷഗന്ധംമൂലം ഓഫീസിൽ ജോലി ചെയ്യുന്നവർക്ക് രോഗങ്ങൾ ഉണ്ടായി. 17–-ാംവാർഡ് സിഡിഎസ് അംഗം ശ്വാസംമുട്ടൽമൂലം ആശുപത്രിയിലായി. ശ്വാസംമുട്ടലും ത്വക്ക് രോഗങ്ങളും ശരീരം ചൊറിച്ചിലും അനുഭവപ്പെടുന്നതായി കുടുംബശ്രീ അംഗങ്ങൾ പരാതിപറഞ്ഞിട്ടും നഗരസഭ ആരോഗ്യവിഭാഗം നടപടിയെടുത്തിരുന്നില്ല.









0 comments