തൃക്കാക്കര നഗരസഭ ; 70 ലക്ഷത്തിന്റെ കാമറകൾക്ക് വീണ്ടും ഏഴുലക്ഷം നൽകണമെന്ന് ഭരണസമിതി

കാക്കനാട്
എഴുപത് ലക്ഷം രൂപ മുടക്കി സ്ഥാപിച്ച നിരീക്ഷണകാമറകൾ പ്രവർത്തിപ്പിക്കാൻ വീണ്ടും ഏഴുലക്ഷംകൂടി വേണമെന്ന യുഡിഎഫ് ഭരണസമിതി ആവശ്യം തൃക്കാക്കര നഗരസഭാ കൗൺസിൽ അംഗീകരിച്ചില്ല. നഗരസഭയിലെ എല്ലാ വാർഡിലും മൂന്ന് നിരീക്ഷണകാമറകൾ സ്ഥാപിക്കുന്ന പദ്ധതിക്കാണ് വീണ്ടും തുക അനുവദിക്കാൻ നീക്കം നടന്നത്. ജില്ലയിൽ കാമറകൾ സ്ഥാപിക്കുന്നതിന് ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തിയത് തൃക്കാക്കരയിലായിരുന്നു.
അനുവാദം നൽകിയ പദ്ധതിക്ക് തുക അനുവദിക്കുന്നതിനെ എൽഡിഎഫ് അംഗങ്ങൾ എതിർത്തു. യുഡിഎഫിലെ ഒരുവിഭാഗം അംഗങ്ങൾ എൽഡിഎഫ് നിലപാടിനൊപ്പം നിലകൊണ്ടെങ്കിലും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാജി പ്ലാശേരിയും ഉണ്ണി കാക്കനാടും പണം അനുവദിക്കണമെന്നാവശ്യപ്പെട്ടു. ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നതിനെത്തുടർന്ന് കൂടുതൽ ചർച്ച നടത്തിയശേഷം പദ്ധതിയുമായി മുന്നോട്ടുപോയാൽമതിയെന്ന് കൗൺസിൽ തീരുമാനിച്ചു.
അനധികൃത മാലിന്യംതള്ളൽ നടത്തുന്നവർക്കെതിരെയും നിയമലംഘകർക്കെതിരെയും നടപടി സ്വീകരിക്കാനാണ് കാമറകൾ സ്ഥാപിക്കുന്നത്. വീടുകളിൽനിന്നുള്ള ബയോമാലിന്യം ശേഖരിച്ച് സംസ്കരിക്കാനുള്ള ടെൻഡർ ഉയർന്ന തുകയ്ക്ക് സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാനുള്ള നീക്കത്തെ എൽഡിഎഫ് എതിർത്തു. 10.77 രൂപയ്ക്ക് ഒരുകിലോ ബയോമാലിന്യമെടുക്കാൻ തയ്യാറായ ഏജൻസിക്ക് പകരം 43 രൂപയ്‌ക്ക് മറ്റൊരു ഏജൻസിയെ ഏൽപ്പിച്ചതിനെതിരെയാണ് പ്രതിഷേധമുയർന്ന്. ഓണാഘോഷത്തിന്റെ മറവിൽ പണപ്പിരിവ് നടത്തിയതായി കൗൺസിലിൽ എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു. ഓണാഘോഷത്തിന്റെ വിശദമായ കണക്ക് അജൻഡയായി വച്ച് ചർച്ച ചെയ്യണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. എൽഡിഎഫ് അംഗങ്ങളായ എം കെ ചന്ദ്രബാബു, അജുന ഹാഷിം, കെ ജെ ഡിക്സൻ, ജിജോ ചിങ്ങംതറ, പി സി മനൂപ് എന്നിവർ ചർച്ചയിൽ സംസാരിച്ചു.









0 comments