തൃക്കാക്കര സഹ. ആശുപത്രിയിലെ അറ്റകുറ്റപ്പണികൾ നഗരസഭ തടഞ്ഞു

കാക്കനാട്
തൃക്കാക്കര സഹകരണ ആശുപത്രിയിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ തടഞ്ഞ് നഗരസഭ. 25 വർഷം പഴക്കംചെന്ന ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നീതി മെഡിക്കൽ സ്റ്റോറും ഡെന്റൽ വിഭാഗവും ചോർച്ചയെ തുടർന്ന് താൽക്കാലികമായി മാറ്റിസ്ഥാപിച്ചിരുന്നു. ഇവിടെ നടത്തുന്ന അറ്റകുറ്റപ്പണികൾക്കാണ് നഗരസഭ സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയത്.
കെട്ടിട വാടകയിനത്തിൽ നൽകാനുള്ള തുക നൽകിയില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഭരണസമിതിയുടെ നടപടി. എന്നാൽ, കോടതി ഉത്തരവുപ്രകാരം നഗരസഭയ്‌ക്ക് നൽകാനുള്ള 10 ലക്ഷം രൂപയുടെ അവസാന ഗഡു വ്യാഴാഴ്ച നൽകാനിരിക്കുകയാണ്. ചോർച്ചയുണ്ടായ ഇരുമ്പുഷീറ്റ് മേൽക്കൂര മാറ്റിസ്ഥാപിക്കുന്ന പ്രവർത്തനങ്ങളും ഇടിഞ്ഞുവീഴാറായ ശുചിമുറികളിൽ നടക്കുന്ന അറ്റകുറ്റപ്പണികളും തടസ്സപ്പെട്ടു. ജനകീയാസൂത്രണംവഴി കേരളത്തിൽ ആദ്യമായി സഹകരണമേഖലയിൽ രൂപീകരിച്ച തൃക്കാക്കര സഹകരണ ആശുപത്രിയുടെ പ്രവർത്തനം തടയാൻ നഗരസഭ നിരന്തരം ശ്രമം തുടരുകയാണെന്നും നടപടികളിൽനിന്ന് പിന്മാറണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.









0 comments