തൃക്കാക്കര നഗരസഭ ; കൗൺസിൽ അറിയാതെ ടെൻഡർ വിളിക്കുന്നുവെന്ന് ആരോപണം

കാക്കനാട്
തൃക്കാക്കര നഗരസഭയിൽ കൗൺസിലിനെ അറിയിക്കാതെ കോടികളുടെ ടെൻഡർ നടപടികൾ നടക്കുന്നതായി ആരോപണം. ഭരണസമിതി അറിയാതെ സോളാർ സിറ്റി സ്ഥാപിക്കാനായി 1.8 കോടി രൂപയുടെ ടെൻഡർ നടപടികൾ എഎക്സ്ഇ നടത്തിയെന്ന് മുസ്ലിംലീഗ് അംഗവും മുൻ വൈസ് ചെയർമാനുമായ പി എം യൂനസ് കൗൺസിൽ യോഗത്തിൽ ആരോപിച്ചു. കൗൺസിൽ യോഗത്തിൽ അജൻഡ വയ്‌ക്കാതെ നേരിട്ട് ഡിപിസിയിൽ പാസാക്കി രണ്ടുതവണ ടെൻഡർ വിളിച്ചെന്നും ഇത് കൗൺസിലർമാരോ നഗരസഭാ അധ്യക്ഷയോ അറിഞ്ഞിട്ടില്ലെന്നും യൂനസ് പറഞ്ഞു.
പൊതുഫണ്ട് ഉപയോഗിച്ച് കോൺഗ്രസ് അംഗത്തിന്റെ വാർഡിലേക്ക് നഗരസൗന്ദര്യവൽക്കരണത്തിനായി ഒന്നരക്കോടി രൂപയുടെ പദ്ധതിക്കുള്ള ആദ്യഘട്ട ടെൻഡർ നടപടികളെ എൽഡിഎഫ് എതിർത്തു. കോടികളുടെ പൊതുഫണ്ട് ഒരു വാർഡിലെ സൗന്ദര്യവൽക്കരണ പദ്ധതിക്കായിമാത്രം വിനിയോഗിക്കുന്നത് നീതിയല്ലെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. സൗന്ദര്യവൽക്കരണ പദ്ധതി നടപടിക്രമം കൗൺസിൽ യോഗത്തിലോ പൊതുമരാമത്ത് സ്ഥിരംസമിതിയിലോ അറിയിച്ചിട്ടില്ലെന്ന് സ്ഥിരംസമിതി അധ്യക്ഷ റസിയ നിഷാദ് പറഞ്ഞു. പൊതുഫണ്ട് വിനിയോഗിക്കുന്ന പ്രവൃത്തികളൊന്നും പൊതുമരാമത്ത് സ്ഥിരംസമിതിയെ അറിയിക്കാറില്ലെന്നും റസിയ പറഞ്ഞു.
നഗരസഭയിൽ നടക്കുന്ന മുഴുവൻ പ്രവർത്തനങ്ങളും കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച് അനുമതി തേടണമെന്ന് കൗൺസിലർമാർ ഏകകണ്ഠമായി ആവശ്യപ്പെട്ടു. നഗരസൗന്ദര്യവൽക്കരണ പദ്ധതി സ്ഥിരംസമിതിയിൽ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. നിർമാണപ്രവൃത്തികൾ ഏറ്റവും കുറഞ്ഞ നിരക്കിൽ എടുത്തശേഷം കാലാവധി നീട്ടിയെടുത്ത് കൂടുതൽ പണം തട്ടാൻ ചില കരാറുകാർ ശ്രമിക്കുന്നുണ്ടെന്ന് കൗൺസിലർ പി സി മനൂപ് പറഞ്ഞു. നഗരസഭാ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലേക്ക് പരസ്യ ഏജൻസികളെ ക്ഷണിക്കാൻ തീരുമാനിച്ചു. മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ തെങ്ങോട് ഹൈസ്കൂളിലെ സംരക്ഷണഭിത്തി നിർമാണത്തിനായി 30 ലക്ഷം രൂപ അനുവദിക്കും. എൽഡിഎഫ് അംഗങ്ങളായ എം കെ ചന്ദ്രബാബു, അജുന ഹാഷിം, എം ജെ ഡിക്സൻ, ജിജോ ചിങ്ങത്തറ, കെ എക്സ് സൈമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.









0 comments