അറവുശാലയ്ക്ക് അനുമതി കിട്ടാനിടയില്ല ; സ്ഥലം മാറ്റി തൃക്കാക്കര നഗരസഭ

ആലുവ
ആധുനിക അറവുശാലയുടെ മറവിൽ കോടികൾ തട്ടാൻ ശ്രമിച്ച യുഡിഎഫ് പ്രവർത്തകർ വെട്ടിലായി. തൃക്കാക്കര നഗരസഭയ്ക്കായി നിർമിക്കുന്ന ആധുനിക അറവുശാലയ്ക്ക് വൻതുക മുടക്കി എടത്തലയിൽ സ്ഥലം കണ്ടെത്താനുള്ള ശ്രമമാണ് പൊളിഞ്ഞത്. എൻഎഡിയുടെ സുരക്ഷാനിയന്ത്രണപരിധിയിൽ വരുന്ന സ്ഥലം കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നിരിക്കെ, കൂടിയ തുകയ്ക്ക് വാങ്ങി അഴിമതി നടത്തുകയായിരുന്നു ലക്ഷ്യം. എടത്തലയിലെ ചില യുഡിഎഫ് നേതാക്കളുടെ ഒത്താശയോടെ തൃക്കാക്കര നഗരസഭയിലെ ചില യുഡിഎഫ് കൗൺസിലർമാരാണ് വൻതുകയ്ക്ക് എടത്തലയിൽ സ്ഥലം വാങ്ങാൻ നീക്കം നടത്തിയത്.
സംഭവം വിവാദമാവുകയും എൻഎഡിയുടെ സുരക്ഷാ നിയന്ത്രണപരിധിയിൽ വരുന്ന സ്ഥലം വാങ്ങിയാൽ കെട്ടിടം നിർമിക്കാൻ ബുദ്ധിമുട്ടാകുമെന്നും മനസ്സിലാക്കിയതോടെ പദ്ധതിക്ക് പുതിയ സ്ഥലം കണ്ടെത്താനാണ് നഗരസഭയുടെ നീക്കം. നേരത്തേ കാക്കനാട്ട് സെന്റിന് 8.5 ലക്ഷം രൂപ നിരക്കിൽ കണ്ടെത്തിയ സ്ഥലം സാങ്കേതികതടസ്സത്തിന്റെ പേരിലാണ് മാറ്റിയത്. എടത്തല പഞ്ചായത്ത് പരിധിയിലെ ആലുവ ഈസ്റ്റ് വില്ലേജിൽ 1.4 ഏക്കർ സ്ഥലം വാങ്ങാൻ സെന്റിന് 2.97 ലക്ഷം രൂപയ്ക്കാണ് ധാരണയായത്. എൻഎഡി നിയന്ത്രണമേഖലയായതിനാൽ 1.4 ഏക്കർ സ്ഥലം ഒരുകോടി രൂപയിൽ താഴെ തുകയ്ക്ക് ലഭിക്കുമെന്നിരിക്കെ കൂടിയ വിലയ്ക്ക് സ്ഥലം വാങ്ങി കോടികളുടെ അഴിമതിയാണ് ലക്ഷ്യമിട്ടത്. അതേസമയം, സ്ഥലം വാങ്ങുന്നതിനെക്കുറിച്ച് എടത്തല പഞ്ചായത്ത് ഭരണസമിതിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പഞ്ചായത്ത് അനുമതി ഇല്ലാതെ പ്രദേശത്ത് അറവുശാല തുടങ്ങാനാകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് സി കെ ലിജി പറഞ്ഞു. നഗരസഭ അറവുശാലയ്ക്ക് പഞ്ചായത്തിൽ സ്ഥലം വാങ്ങുന്നതിൽ പ്രദേശവാസികളും എതിർപ്പിലാണ്. സ്ഥലം വാങ്ങുന്നതിനെ ചൊല്ലി നഗരസഭയിൽ എതിർപ്പും സാങ്കേതികതടസ്സവും വന്നതോടെ അറവുശാലയ്ക്ക് മറ്റ് സ്ഥലം തേടുകയാണ് തൃക്കാക്കര നഗരസഭ.









0 comments