തൃക്കാക്കര നഗരസഭ ; കോൺഗ്രസ്–ലീഗ് പോര് , അജൻഡകൾ മാറ്റി

കാക്കനാട്
തൃക്കാക്കര നഗരസഭയിൽ കോൺഗ്രസ് –- മുസ്ലിംലീഗ് പോര് രൂക്ഷം. വൈസ് ചെയർമാനടക്കം ലീഗ് അംഗങ്ങൾ വിയോജിച്ചതോടെ രണ്ട് അജൻഡകൾ മാറ്റിവച്ചു.
കാക്കനാട് കമ്യൂണിറ്റി ഹാൾ പുതുക്കിപ്പണി, അറവുശാലയ്‌ക്ക് സ്ഥലം അനുവദിക്കൽ എന്നീ അജൻഡകളാണ് മാറ്റിയത്.
കമ്യൂണിറ്റി ഹാൾ പൊളിച്ച് പുതുക്കിപ്പണിയുന്നതിന് വിശദ പദ്ധതിരേഖ (ഡിപിആർ) ക്ഷണിച്ചുള്ള അജൻഡയിൽ നാല് ലീഗ് അംഗങ്ങൾ വിയോജനക്കുറിപ്പ് എഴുതി നൽകി. സാങ്കേതിക തടസ്സങ്ങൾ നീക്കിയശേഷം ഡിപിആർ തയ്യാറാക്കിയാൽ മതിയെന്ന് ലീഗ് അംഗങ്ങൾ പറഞ്ഞു. നഗരസഭയിലെ എല്ലാ പദ്ധതികൾക്കും സ്വകാര്യ ഏജൻസിവഴി ഡിപിആർ തയ്യാറാക്കുന്നതിനെയും ലീഗ് അംഗങ്ങൾ എതിർത്തു. സാങ്കേതികതടസ്സങ്ങൾ നീക്കാതെ കമ്യൂണിറ്റി ഹാൾ പൊളിക്കുന്നതിനെതിരെ എൽഡിഎഫും നിലപാടെടുത്തു. എൽഡിഎഫ് അംഗങ്ങൾക്കൊപ്പം ലീഗ് അംഗങ്ങളും വോട്ടെടുപ്പ് ആവശ്യപ്പെട്ടതോടെ അജൻഡ മാറ്റിവച്ചു.
വാർഡിലെ പ്രാഥമികാരോഗ്യകേന്ദ്രം മൈത്രീപുരത്തേക്ക് മാറ്റുന്നതിന് ഡിപിആർ തയ്യാറാക്കുന്നതിനെ ലീഗ് അംഗം സജീന അക്ബർ എതിർത്തു. മൈത്രീപുരത്തേത് പൊതുമരാമത്തുവകുപ്പിന്റെ സ്ഥലമാണെന്നും നഗരസഭയ്‌ക്ക് കൈമാറിയിട്ടില്ലെന്നും വകുപ്പ് അധികൃതർ കത്ത് നൽകിയിട്ടുണ്ട്.
ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് ഡിപിആർ തയ്യാറാക്കാൻ സ്വകാര്യ ഏജൻസിയെ തീരുമാനിച്ചു. യുഡിഎഫ് ഭരണസമിതി അധികാരമേറ്റശേഷം ഈ ആവശ്യത്തിന് നിയോഗിക്കുന്ന രണ്ടാമത്തെ ഏജൻസിയാണിത്.
നടപ്പാക്കാൻ സാധിക്കാത്ത പദ്ധതികളുടെ പേരിൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നിർമാണോദ്ഘാടനം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് യുഡിഎഫ് ഭരണസമിതിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു പറഞ്ഞു.
നഗരസഭയുടെ അറവുശാല സ്ഥാപിക്കാൻ എടത്തല പഞ്ചായത്തിൽ നിയമക്കുരുക്കുള്ള സ്ഥലം കണ്ടെത്തിയതായി കോൺഗ്രസ് കൗൺസിലർ ഷാജി വാഴക്കാല പറഞ്ഞു.
അറവുശാല നഗരസഭയ്‌ക്കുള്ളിൽ സ്ഥാപിക്കണമെന്ന ഷാജിയുടെ നിലപാടിനെ തുടർന്ന് അജൻഡ മാറ്റുന്നതായി അധ്യക്ഷ അറിയിച്ചു.
പൊതുമരാമത്ത് സ്ഥിരം അധ്യക്ഷ റസിയ നിഷാദ്, എൽഡിഎഫ് അംഗങ്ങളായ അജുന ഹാഷിം, ജിജോ ചിങ്ങംതറ, പി സി മനൂപ്, കെ എക്സ് സൈമൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.









0 comments