തൃക്കാക്കര നഗരസഭയിൽ സെക്രട്ടറി ഇല്ല; ജനങ്ങൾ നട്ടംതിരിയുന്നു

കാക്കനാട്
യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയിൽ സെക്രട്ടറിയില്ലാത്തത് ജനജീവിതത്തെ സാരമായി ബാധിക്കുന്നു. മാസങ്ങളായി നഗരസഭയിലെ പ്രധാന ഭരണച്ചുമതല ഒഴിഞ്ഞുകിടക്കുമ്പോൾ, വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവർ കാര്യം നടക്കാതെ ദിവസങ്ങളോളം നഗരസഭ കയറിയിറങ്ങേണ്ട സ്ഥിതിയാണ്.
സെക്രട്ടറി നിയമനത്തെച്ചൊല്ലി ഭരണപക്ഷമായ കോൺഗ്രസും മുസ്ലിംലീഗും തമ്മിലുള്ള തർക്കമാണ് പ്രതിസന്ധിക്ക് പിന്നിലെന്നാണ് ആക്ഷേപം. തദ്ദേശവകുപ്പ് കൈകാര്യംചെയ്യുന്ന ലീഗ് തങ്ങൾക്ക് താൽപര്യമുള്ള പാലക്കാട്ടുനിന്നുള്ള ഉദ്യോഗസ്ഥനെ സെക്രട്ടറിയായി നിയമിക്കണമെന്ന നിലപാടിലാണ്. അതേസമയം നഗരസഭ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് വിഭാഗം മുൻപ് തൃക്കാക്കരയിൽ പ്രവർത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥനെ തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇരു പാർടികളും തമ്മിലുള്ള തർക്കം മൂക്കുമ്പോൾ വില നൽകേണ്ടിവരുന്നത് നഗരസഭയിലെത്തുന്ന സാധാരണക്കാരാണ്.
വിവിധ സർട്ടിഫിക്കറ്റുകൾ, അപേക്ഷകൾ, അനുമതികൾ, കെട്ടിടസംബന്ധമായ കാര്യങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങളുമായി എത്തുന്നവർക്ക് തീരുമാനമെടുക്കാൻ വൈകുന്നതോടെ പലതവണ ഓഫീസിലെത്തേണ്ടിവരുന്നു. സെക്രട്ടറിയുടെ അഭാവത്തിൽ നിരവധി നിർണായക ഫയലുകളും തീരുമാനങ്ങളും വൈകുകയാണ്. നിലവിൽ അസി. എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് സെക്രട്ടറിയുടെ അധിക ചുമതലയുള്ളത്. അധിക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് സെക്രട്ടറിയുടെ മുഴുവൻ ഭരണകാര്യങ്ങളും സമയബന്ധിതമായി കൈകാര്യം ചെയ്യുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
പ്രശ്നത്തിൽ സംസ്ഥാനനേതൃത്വം ഇടപെട്ട് സമവായത്തിന് ശ്രമം നടത്തിയെങ്കിലും പ്രാദേശികതലത്തിലെ തർക്കം പരിഹരിക്കാനായിട്ടില്ല. ഭരണപക്ഷത്തിന്റെ സ്ഥാനമാനങ്ങൾക്കും ഉദ്യോഗസ്ഥനിയമനത്തിലെ താൽപര്യങ്ങൾക്കും മുകളിലാണ് നഗരസഭയിലെത്തുന്ന ജനങ്ങളുടെ ആവശ്യങ്ങളെന്ന് എൽഡിഎഫ് പറഞ്ഞു. ജനങ്ങളെ വലയ്ക്കുന്ന സാഹചര്യം അവസാനിപ്പിച്ച് തൃക്കാക്കര നഗരസഭയിൽ അടിയന്തരമായി സ്ഥിരം സെക്രട്ടറിയെ നിയമിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.







0 comments