സബ്‌സിഡിയിനത്തിൽ 25 ലക്ഷം നൽകിയില്ല
ഇന്ദിര കാന്റീനെ ഉൗട്ടി സമൃദ്ധി മെലിയുന്നു


സ്വന്തം ലേഖകൻ
Published on Sep 27, 2026, 02:17 AM | 1 min read
കൊച്ചി
രാഷ്‌ട്രീയ നേട്ടത്തിനായി കൊച്ചി കോർപറേഷൻ ആരംഭിച്ച ഇന്ദിര കാന്റീനിനെ ഉൗട്ടി കുടുംബശ്രീ സംരംഭമായ സമൃദ്ധി @കൊച്ചി മെലിയുന്നു. കുറഞ്ഞവിലയ്‌ക്ക് രാപകലില്ലാതെ നഗരത്തെ അന്നമൂട്ടി രാജ്യത്തിന്റെതന്നെ ശ്രദ്ധയാകർഷിച്ച സമൃദ്ധി @കൊച്ചിയുടെ പ്രവർത്തനം യുഡിഎഫ് കൗൺസിൽ അധികാരത്തിൽ വന്നശേഷം കടുത്ത പ്രതിസന്ധിയിലാണ്. ഇന്ദിര കാന്റീനിൽ വിളന്പാനുള്ള ഭക്ഷണം നൽകിയ ഇനത്തിൽമാത്രം 25 ലക്ഷത്തിലേറെ രൂപയാണ് സമൃദ്ധിക്ക് ലഭിക്കാനുള്ളത്.
ഇതോടെ ജീവനക്കാരുടെ ശന്പളം ഉൾപ്പെടെ വൈകുന്നു. കൂടുതൽ ഉൗട്ടുപുരകൾ ആരംഭിക്കാനാകാത്ത സ്ഥിതിയുമായി. പ്രവർത്തിച്ചിരുന്ന ഒന്ന് പൂട്ടേണ്ടിയുംവന്നു.
മുൻ കൗൺസിലിന്റെ കാലത്ത് പത്തുരൂപക്ക് സ്വാദിഷ്‌ടമായ ഉച്ചഭക്ഷണം കൊടുത്ത് തുടക്കമിട്ട സമൃദ്ധി കുറഞ്ഞ കാലംകൊണ്ടാണ് നാടിന്റെയാകെ ശ്രദ്ധനേടിയത്. പിന്നീട് മൂന്ന് നേരവും ഭക്ഷണം ലഭിക്കുന്ന ജനപ്രിയ ഭക്ഷണശാലയായി വളർന്നു. സബ്‌സിഡിയായും വിവിധ പൊതുനന്മ ഫണ്ടുകളായും കോർപറേഷനിൽനിന്നുള്ള സഹായവും ലഭിച്ചിരുന്നു.
അതിന്റെകൂടി ഭാഗമായി ഫോർട്ട്‌കൊച്ചിയിലും രവിപുരത്തും ഐലൻഡിലും ഏറ്റവുമൊടുവിൽ ജിസിഡിഎയിലും ശാഖകൾ തുടങ്ങി. കൂടുതൽ ശാഖകൾ നഗരത്തിന്റെ പലഭാഗത്തായി തുടങ്ങുന്നത് ഉൾപ്പെടെ വിപുലീകരണ പദ്ധതികൾ തയ്യാറാക്കിയിരുന്നു. എന്നാൽ, കോർപറേഷനിൽ ഭരണമാറ്റമുണ്ടായതോടെ അതെല്ലാം കടലാസിലൊതുങ്ങി.
രവിപുരത്തെ ശാഖ പൂട്ടി. സമൃദ്ധിക്ക് പകരം ഇന്ദിര കാന്റീൻ എന്ന രാഷ്‌ട്രീയപ്രചാരണ പദ്ധതി കൊണ്ടുവന്നു. സബ്‌സിഡിയും പൊതുനന്മാഫണ്ടുമൊക്കെ ഉപയോഗിച്ചാകും പ്രവർത്തനമെന്ന് പറഞ്ഞാണ് ഇടപ്പള്ളിയിൽ ആദ്യ ഇന്ദിര കാന്റീൻ തുറന്നത്. എന്നാൽ അടുക്കളയില്ലാതെ തുറന്ന ഇന്ദിര കാന്റീനിൽ വിളന്പാനുള്ള ഭക്ഷണം നൽകേണ്ട ബാധ്യത സമൃദ്ധിക്കായി. പതിവായി അത് എത്തിച്ച് കൊടുക്കാനും വിളന്പാനും സമൃദ്ധിയിലെ ജീവനക്കാരെ നിയോഗിച്ചു. വാഹന സൗകര്യവും സമൃദ്ധിയുടെ ചെലവിലാണ്. അനുബന്ധ സൗകര്യങ്ങൾ പതിവായി ഉപയോഗിക്കുന്നത് വേറെയും.
സമൃദ്ധിയുടെ ചെലവിൽ ഇന്ദിര കാന്റീനുകൾ ഇനിയും തുറക്കാനാണ് യുഡിഎഫ് കൗൺസിലിന്റെ നീക്കം. അത് നൂറിലേറെ കുടുംബശ്രീ വനിതകളുടെ ഉപജീവന മാർഗമായ ജനപ്രിയ സംരംഭത്തിന്റെ അന്ത്യത്തിന് വഴിവയ്‌ക്കുമെന്ന ആശങ്കയാണുയരുന്നത്.









0 comments