തൃക്കാക്കര കരകയറും

തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പുഷ്പ ദാസിന് ചളിക്കവട്ടത്ത് നൽകിയ സ്വീകരണം
നിധിൻ രാജു
Published on Mar 30, 2026, 02:08 AM | 1 min read
തൃക്കാക്കര
കൊച്ചിയുടെ ഉപനഗരമായി വളർന്ന തൃക്കാക്കരയിൽ ഇത്തവണ കാറ്റ് മാറിവീശാനൊരുങ്ങുകയാണ്. സംസ്ഥാന സർക്കാർ നടപ്പാക്കിയ വമ്പൻ പദ്ധതികളാണ് തൃക്കാക്കരയ്ക്ക് പുതിയ മേൽവിലാസം നൽകിയത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. പുഷ്പ ദാസിനെ രംഗത്തിറക്കി, പ്രചാരണത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ എൽഡിഎഫിന് കഴിഞ്ഞു. സർക്കാർ നടപ്പാക്കിയ വികസനപദ്ധതികൾ ചർച്ചയാക്കിയുള്ള എൽഡിഎഫ് മുന്നേറ്റം ഇക്കുറി തൃക്കാക്കരയുടെ ചരിത്രം മാറ്റിയെഴുതും.
അതിവേഗം പുരോഗമിക്കുന്ന മെട്രോ റെയിൽ രണ്ടാംഘട്ടമാണ് തൃക്കാക്കരതൊട്ട വികസനവേഗത്തിന്റെ മുഖ്യ അടയാളം. തൃക്കാക്കരയെ ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റാൻ 141 കോടി രൂപ സംസ്ഥാനവിഹിതവും 50 കോടി രൂപ കേന്ദ്രവിഹിതവും ഉപയോഗിച്ച് കിൻഫ്ര അന്താരാഷ്ട്ര കൺവൻഷൻ സെന്റർ സർക്കാർ യാഥാർഥ്യമാക്കി. വൈറ്റില ആറുവരി മേൽപ്പാലം, ട്രാൻസ്‌ഗ്രിഡ് 2.0 കൊച്ചി ലൈൻസ് പാക്കേജ്, ഇടപ്പള്ളി ഗവ. എച്ച്‌എസ്‌എസ്, വെണ്ണല ഗവ. എച്ച്‌എസ്‌എസ് നവീകരണം എന്നിവയ്‌ക്കായി കിഫ്‌ബിയിൽനിന്ന് 467.07 കോടി രൂപയാണ് ചെലവഴിച്ചത്. രാജ്യത്തെ ആദ്യ ജലമെട്രോ കാക്കനാടുവരെയെത്തി. ചിറ്റേത്തുകരവരെ മണ്ഡലത്തിലൂടെ പോകുന്ന സീപോർട്ട്–എയർപോർട്ട് റോഡ് നാലുവരിയാക്കൽ, ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനം എന്നിവയും സംസ്ഥാന സർക്കാരിന്റെ നേട്ടമാണ്.

ഉപതെരഞ്ഞെടുപ്പിൽ സഹതാപതരംഗം തുണച്ച ഉമ തോമസിന് യുഡിഎഫ് സ്ഥാനാർഥിയായി ഇത് രണ്ടാം അങ്കമാണ്. തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യുഡിഎഫിന്, സ്വന്തമായി ഉയർത്തിക്കാട്ടാൻ ഒന്നുമില്ലെന്ന വിമർശനം ശക്തം. കന്പിയും സിമന്റുമില്ലാതെ കെട്ടിപ്പൊക്കി, തകർന്നുവീണ പഴയ പാലാരിവട്ടം പാലവും ലൈഫ് പദ്ധതിയിൽ 380 അപേക്ഷകരുണ്ടായിട്ടും ഒരു വീടുപോലും നിർമിക്കാത്ത തൃക്കാക്കര നഗരസഭ ഭരണസമിതിയുമാണ് യുഡിഎഫ് വികസനത്തിന്റെ ബാക്കിപത്രം.
‘വികസനത്തിന് ആർക്കാണിത്ര ധൃതി’യെന്നായിരുന്നു സിറ്റിങ് എംഎൽഎയുടെ നിലപാട്. വികസന–ക്ഷേമപ്രവർത്തനങ്ങൾക്കുപകരം അധികാര കസേരയ്ക്കായുള്ള വടംവലിയും തമ്മിൽത്തല്ലും പടലപ്പിണക്കങ്ങളുമാണ് തൃക്കാക്കര കണ്ടത്. എംഎൽഎയുടെ ഉദാസീന മനോഭാവത്തിനെതിരെ കോൺഗ്രസിനുള്ളിലും എതിർപ്പ് ശക്തം. തൃക്കാക്കരയെ കരകയറ്റാൻ എൽഡിഎഫ് എംഎൽഎ ഇക്കുറിയുണ്ടാകുമെന്നാണ് വോട്ടർമാരുടെ വിശ്വാസം.
ട്വന്റി20യുടെ അഖിൽ മാരാരാണ് എൻഡിഎ സ്ഥാനാർഥി. ട്വന്റി20-ക്ക് സീറ്റ് നൽകിയതിൽ പ്രാദേശിക ബിജെപി നേതൃത്വത്തിൽ അമർഷം പുകയുന്നു.










0 comments