കൊച്ചിയിൽ മോഷണപരമ്പര
ജൂഡോ താരത്തിന്റെയും ഓട്ടോ യാത്രികന്റെയും മാലയും പണവും കവര്‍ന്നു

കൊച്ചി
നഗരത്തിലെ മോഷണപരന്പരയിൽ നഗരജീവിതം ദുസ്സഹമാകുന്നു. നഗരത്തിലെ മൂന്നിടങ്ങളില്‍ മോഷണം നടന്നു. ഓട്ടോറിക്ഷായാത്രികന്റെ മാലയും പനമ്പള്ളി നഗറിലെ വസ്ത്രവ്യാപാരസ്ഥാപനത്തിൽനിന്ന് പണവും രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് കായികതാരത്തിന്റെ മാലയുമാണ് കവര്‍ന്നത്.
ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശിയായ സജീവി (62)ന്റെ മാലയാണ് ഓട്ടോറിക്ഷായാത്രയ്ക്കിടെ കവര്‍ന്നത്. ആഗസ്‌ത് 23-നാണ് സംഭവം. എറണാകുളം ടൗൺഹാളിന് സമീപത്തുനിന്ന് കെഎസ്ആർടിസി സ്റ്റാൻഡിലേക്കാണ് സജീവ് യാത്രചെയ്തത്. യാത്രയ്ക്കിടെ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തിയ ഡ്രൈവർ, സജീവിനോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഓട്ടോ ഡ്രൈവർ പോയശേഷം പരിശോധിച്ചപ്പോഴാണ് കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാല നഷ്ടപ്പെട്ടത് അറിയുന്നത്. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.
എട്ടിന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കാസർകോട് ഹോസ്ദുർഗ് സ്വദേശിനിയായ അനീറ്റ ജോസി (16)ന്റെ ബാഗില്‍നിന്നാണ് ആറ് ഗ്രാം വജ്ര ലോക്കറ്റുള്ള മാലയും വജ്രം പതിച്ച മോതിരവും മോഷ്ടിക്കപ്പട്ടത്. സ്റ്റേഡിയത്തിലെ ഗാലറിയിലാണ് ബാഗ് സൂക്ഷിച്ചിരുന്നത്. 1,20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എളംകുളം പനമ്പള്ളിനഗറിലെ ഡി ഐൽ ബ്രൈഡൽസ് സ്ഥാപനത്തിൽനിന്നാണ് 1,91,115 രൂപ മോഷണം പോയത്. സംഭവത്തിൽ എറണാകുളം ടൗൺ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിലെ ഡിസൈനറായ പച്ചാളം സ്വദേശി ഫിദ നസ്രിനാണ് (23) പരാതി നല്‍കിയത്. എട്ടിന് രാത്രി ഒന്പതിനും രാവിലെ ഒന്പതിനുമിടയിലാണ് മോഷണം നടന്നിരിക്കുന്നത്. സ്ഥാപനത്തിന്റെ ഒന്നാംനിലയിലുള്ള ടീം റൂമിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണംപോയത്.









0 comments