print edition വയനാട് മെഡി. കോളേജ് ഇല്ലാതാക്കാൻ യുഡിഎഫ്; കാർഡിയോളജി പ്രൊഫസര്‍ തസ്തിക പിൻവലിച്ചു


സ്വന്തം ലേഖകൻ
Published on Oct 10, 2026, 01:08 AM | 1 min read
മാനന്തവാടി : വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ തസ്തിക സർക്കാർ പിൻവലിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഹൃദ്രോഗ വിഭാഗം സൂപ്പർ സ്‌പെഷ്യാലിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറുടെ തസ്‌തികയാണ് റദ്ദാക്കിയത്. ഇൗ തസ്‌തിക തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ദീപ സുരേന്ദ്രൻ കഴിഞ്ഞ നാലിനാണ് ഉത്തരവ് ഇറക്കിയത്. ഇതേ ഉത്തരവിൽ തന്നെ മാനന്തവാടിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സി മുകുന്ദനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിന്നാലെ ഡോക്ടർ ചുരമിറങ്ങി.
ഇതോടെ ഹൃദ്രോഗവിഭാഗത്തിന്റെ പ്രവർത്തനം താളംതെറ്റി. എൽഡിഎഫ് സർക്കാർ ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തി. ആദ്യം ആരംഭിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് യുഡിഎഫ് സർക്കാരിന്റേത്. കാത്ത് ലാബ് ഉൾപ്പെടെ സ്ഥാപിച്ചാണ് ഹൃദ്രോഗചികിത്സ ആരംഭിച്ചത്. എംബിബിഎസ് പഠനവും ആരംഭിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ മെഡിക്കൽ കോളേജ് തകർക്കുന്നതിനുള്ള നീക്കങ്ങളാണ്. ഇതിന് ആക്കം കൂട്ടുന്നതാണ് കാർഡിയോളജി അസോസിയേറ്റ് പ്രൊഫസര്‍ തസ്‌തിക ഇല്ലാതാക്കിയത്. ഒരുഡോക്ടറാണ് ഇൗ വിഭാഗത്തിൽ ഇനിയുള്ളത്. രണ്ടുദിവസമാണ് ഒപി. മറ്റുദിവസങ്ങളിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്‌റ്റി ചികിത്സകളും എക്കോ, ടിഎംടി ഉൾപ്പെടെയുള്ള പരിശോധനകളുമാണ് നടത്തിയിരുന്നത്. അസോസിയേറ്റ് പ്രൊഫസര്‍ ഇല്ലാതായതോടെ ഹൃദ്രോഗ ചികിത്സ പേരിനുമാത്രമായി.
രണ്ടുമാസത്തിനിടയില്‍ അഞ്ച് അനസ്‌തെറ്റിസ്‌റ്റുമാരെ പകരം നിയമനം ഇല്ലാതെ സ്ഥലംമാറ്റി. ഡയാലിസിസ് രോഗികള്‍ ഉള്‍പ്പെടെ ചെയ്യുന്ന ഇലക്‌ട്രോലൈറ്റ് രക്തപരിശോധന മുടങ്ങിയിട്ട് ആഴ്‌ചകളായി. പകരം നിയമനമില്ലാതെ ഡോക്ടർമാരെ സ്ഥലം മാറ്റുന്നതും തസ്‌തികകൾ ഇല്ലാതാക്കുന്നതും മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍നിന്ന് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ആരോപണം.









0 comments