ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്
ഇന്നുണരും അറിവരങ്ങ്

കൊച്ചി
വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരമായി മാറിയ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 15 ന്റെ ഭാഗമായുള്ള സ്കൂൾതല മത്സരം ബുധനാഴ്‌ച നടക്കും. ഇടക്കൊച്ചി ഗവ. ഹൈസ്‌കൂളിൽ പകൽ 1.30ന് നടൻ സാജൻ പള്ളുരുത്തി ഉദ്‌ഘാടനംചെയ്യും. തുടർന്ന് ജില്ലയിലെ 14 ഉപജില്ലകളിലായി വിവിധ സ്‌കൂളുകളിൽ മത്സരം അരങ്ങേറുന്നതോടെ ആവേശകരമായ അറിവുത്സവത്തിന് തുടക്കമാകും.
എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം. നാലുവിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ഒക്‌ടോബർ 10ന് നടക്കുന്ന ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. സ്കൂൾതല വിജയികൾക്ക്
പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള പ്രസംഗമത്സരവും ഇതോടൊപ്പം നടക്കും. ഇതിലെ വിജയികൾക്കും ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം.
ഉപജില്ലാ മത്സര വിജയികളെ പങ്കെടുപ്പിച്ചുള്ള ജില്ലാ മത്സരം ഒക്ടോബർ 25 നാണ്. ക്വിസ് മത്സരത്തിന്റെ സംസ്ഥാന മെഗാഫൈനലിൽ ഒന്നാംസ്ഥാനത്തിന് ഒരുലക്ഷം രൂപയും രണ്ടാംസ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനം. പ്രസംഗമത്സരത്തിലെ സംസ്ഥാനതല ഒന്നാംസ്ഥാനത്തിന് 25,000 രൂപയും രണ്ടാംസ്ഥാനത്തിന് 15,000 രൂപയും സമ്മാനിക്കും.









0 comments