സാഗർ സൂര്യയുടെ ജേക്കബ്; ‘ഭൗമ’യുടെ പുതിയ പോസ്റ്റർ പുറത്ത്

കൊച്ചി : സാഗർ സൂര്യയുടെ ജേക്കബ് എന്ന കഥാപാത്രത്തിന്റെ പുതിയ ലുക്ക് പുറത്തുവിട്ട് ‘ഭൗമ’ സിനിമയുടെ അണിയറപ്രവർത്തകർ. മനോഹരമായ ബംഗ്ലാവിലെ ഡൈനിങ് ടേബിളിന് ഇരുവശവും കത്തുന്ന മെഴുകുതിരികൾക്കു നടുവിൽ ഓവർകോട്ട് ധരിച്ച് വൈൻ ഗ്ലാസുമായി ഇരിക്കുന്ന സാഗർ സൂര്യയാണ് പോസ്റ്ററിലുള്ളത്. മേശയിൽ പാശ്ചാത്യ വിഭവങ്ങളും കാണാം.
റെജിൻ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലറാണ് ‘ഭൗമ’. ചിത്രത്തിലെ ജേക്കബ് എന്ന പ്രധാന കഥാപാത്രത്തെയാണ് സാഗർ സൂര്യ അവതരിപ്പിക്കുന്നത്. ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’യിലൂടെ ശ്രദ്ധേയനായ താരം ‘പ്രകമ്പനം’ എന്ന ചിത്രത്തിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
പാശ്ചാത്യ സംസ്കാരവും മഞ്ഞണിഞ്ഞ മനോഹരമായ പശ്ചാത്തലവും ദുരൂഹതകളും സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കുന്നത്. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാറാണ് നിർമാണം. നവംബർ 12ന് ഭാവന റിലീസ് ചിത്രം തിയറ്ററുകളിലെത്തിക്കും. സിനിമയുടെ പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ദിലീഷ് പോത്തൻ, വിനീത്, വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോഷ, സെൻ ഗുപ്ത, രേവതി ശർമ, കാവ്യ ഭാനു, അനിത നായർ, പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ, അപർണ ജോൺസ്, നസ്‌ലിൻ ജമീല, നൗഷാദ്, എൻപി നിസ്സ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഡോണി കടമ്മനിട്ടയുടേതാണ് കഥ. ക്രിസ്റ്റോ സേവ്യർ സംഗീതവും ശരൺ വേലായുധൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് ഇഎസ് ആണ് എഡിറ്റിങ്. അപ്പുണ്ണി സാജൻ പ്രൊഡക്ഷൻ ഡിസൈനും സിബിൻ വർഗീസ് കലാസംവിധാനവും നിർവഹിക്കുന്നു. റോണി വെള്ളത്തൂവൽ മേക്കപ്പും ഗോപിക ഉണ്ണികൃഷ്ണൻ കോസ്റ്റ്യൂമും കൈകാര്യം ചെയ്യുന്നു. കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.








0 comments