Deshabhimani

ആവേശപ്പെരുമഴ

Talent Fest
avatar
സ്വന്തം ലേഖകൻ

Published on Oct 26, 2026, 01:17 AM | 1 min read

കൊച്ചി

ആവേശപ്പെരുമഴയായിരുന്നു ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാമത്സര വേദികളിൽ. ചോദ്യത്തിന്‌ കാതോർത്ത്‌ അതിവേഗം ഉത്തരമെഴുതി മാർക്ക്‌ സ്വന്തമാക്കാൻ മത്സരാർഥികൾ വാശിയോടെ മുന്നേറിയപ്പോൾ ഓരോനിമിഷവും അറിവ്‌ ഉത്സവമായി. മത്സരം അവസാനിക്കുന്പോൾ വിജ്ഞാനലോകത്ത്‌ ഉദിച്ചുയർന്നത്‌ നാളെയുടെ പുതുതാരകങ്ങൾ.

ഫ്രാൻസിസ്‌ നെറോണയും അൻസിബയും ആവേശസാന്നിധ്യമായ ഉദ്‌ഘാടനച്ചടങ്ങിനുശേഷമാണ്‌ മത്സരവേദികൾ ഉണർന്നത്‌.


ക്ലാസുമുറിയിലേക്ക്‌ കയറുംമുന്പ്‌ പഠിച്ചതെല്ലാം ഒരിക്കൽക്കൂടി മനസ്സിൽ ഓർത്തുറപ്പിച്ച്‌ എൽപി മുതൽ എച്ച്‌എസ്‌എസ്‌ വരെയുള്ള മിടുക്കർ. ക്വിസ്‌ മാസ്‌റ്റർമാർ മത്സരരീതികൾ ചെറുവാക്കുകളിൽ വിവരിച്ച്‌ വിജയാശംസകൾ നേർന്നു. തൊട്ടുപിന്നാലെ ആദ്യചോദ്യം സ്‌ക്രീനിൽ തെളിഞ്ഞു. അറിയാവുന്ന ചോദ്യങ്ങൾ എത്തുന്പോൾ മുഖത്ത്‌ സന്തോഷം. തെറ്റുന്പോൾ അൽപ്പം നിരാശ. അടുത്തത്‌ ശരിയാക്കാനുള്ള വാശി. ഗാന്ധിജിയും സീതാറാം യെച്ചൂരിയും അഭിജിത്‌ ദീപ്‌കെയുമെല്ലാം ചോദ്യങ്ങളായി. ഭൂരിഭാഗം പേരും ശരി ഉത്തരമെഴുതി. ശാസ്‌ത്രവും ഗണിതവും സാഹിത്യവും സിനിമയും ഉൾപ്പെടെ പല മേഖലകളിലൂടെയും മത്സരം കടന്നുപോയി.


ഇതിനൊപ്പം നടന്ന ശാസ്‌ത്ര പാർലമെന്റിലും പ്രസംഗമത്സരത്തിലും ആവേശത്തിനൊട്ടും കുറവുണ്ടായില്ല. നിർമിതബുദ്ധിയുടെ സാധ്യതകളെയും ആശങ്കകളെയും കേന്ദ്രീകരിച്ചായിരുന്നു ഇവ. അനന്തമായ അവസരങ്ങളും സാധ്യതകളുമാണ്‌ നിർമിതബുദ്ധി നൽകുന്നതെങ്കിലും ബുദ്ധിപൂർവം ഉപയോഗിച്ചില്ലെങ്കിൽ അത്‌ വിനാശകാരിയാകുമെന്നുമുള്ള ഓർമപ്പെടുത്തലായി പ്രസംഗമത്സരവും ശാസ്‌ത്രപാർലമെന്റും. ഒടുവിൽ മത്സരങ്ങൾ അവസാനിക്കുന്പോൾ വിജയികൾക്ക്‌ സഹമത്സരാർഥികൾ അഭിനന്ദനങ്ങളും സംസ്ഥാന മത്സരത്തിനുള്ള വിജയാശംസകളും നേർന്നു. അക്ഷരമുറ്റം സമ്മാനിച്ച സ‍ൗഹൃദങ്ങളെയും നല്ല നിമിഷങ്ങളെയും ഹൃദയത്തോടുചേർത്ത്‌ അവർ മടങ്ങിയത്‌ അടുത്തതവണ വീണ്ടും കാണാമെന്ന വാക്കുനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home