സപ്ലൈകോ ക്രിസ്മസ്–പുതുവത്സര ജില്ലാ ഫെയർ തുടങ്ങി
വിലക്കുറവിന്റെ വലിയ മാതൃക : മന്ത്രി പി രാജീവ്

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര ജില്ലാ ഫെയറിന്റെ ആദ്യവിൽപ്പന വ്യവസായമന്ത്രി പി രാജീവ് നിർവഹിക്കുന്നു
കൊച്ചി
വിലക്കുറവിന്റെ വലിയ മാതൃകയാണ് സപ്ലൈക്കോയുടെ ക്രിസ്മസ്–ന്യൂ ഇയർ ഫെയറെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. സപ്ലൈകോ ക്രിസ്മസ്–പുതുവത്സര ജില്ലാ ഫെയർ എറണാകുളം മറൈൻഡ്രൈവ് ഹെലിപ്പാട് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെയറിൽ ആദ്യവിൽപ്പനയും മന്ത്രി നിർവഹിച്ചു. ജില്ലാ സപ്ലൈ ഓഫീസർ എസ് ഒ ബിന്ദു പങ്കെടുത്തു.
280ൽ അധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചുമുതൽ 50 ശതമാനംവരെ വിലക്കുറവും ലഭിക്കും. 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിൽ ലഭ്യമാകും. 500 രൂപയ്ക്കുമുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരുകിലോ ശബരി ഉപ്പ് ഒരുരൂപയ്ക്ക് നൽകും. സബ്സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയുടെ വില ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയാക്കി.
ഒരാൾക്ക് രണ്ടുലിറ്റർവരെ ഈ നിരക്കിൽ ലഭിക്കും. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 329 രൂപയാക്കി. സബ്സിഡി ഇനങ്ങളായ ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് എന്നിവയ്ക്ക് കിലോയ്ക്ക് മൂന്നുരൂപവരെ വീണ്ടും കുറച്ചിട്ടുണ്ട്. ജനുവരിയിലെ സബ്സിഡി സാധനങ്ങൾ ചൊവ്വാഴ്‌ചമുതൽ സപ്പ്ലൈകോ വിൽപ്പനശാലകളിൽനിന്ന് മുൻകൂട്ടി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ക്രിസ്‌മസ് ആഘോഷമാക്കാൻ സാന്റ ഓഫർ
ക്രിസ്‌മസിനോടനുബന്ധിച്ച് ‘സാന്റ ഓഫർ’ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റ് ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്‌സ്, ശബരി അപ്പംപൊടി, മസാലകൾ എന്നിവയടങ്ങിയ 667 രൂപയുടെ കിറ്റ് 500 രൂപയ്ക്ക് നൽകും. സപ്ലൈകോയുടെ പെട്രോൾപമ്പുകളിൽനിന്ന് 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോകൾക്കും 1000 രൂപയ്ക്കുമുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങൾക്കും കൂപ്പണുകൾ നൽകും. 1000 രൂപയ്ക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുമ്പോൾ ഈ കൂപ്പണിന്മേൽ 50 രൂപ ഇളവ് ലഭിക്കും. ജനുവരി ഒന്നുവരെയാണ് ഫെയർ.










0 comments