ആഗോള കടൽപ്പായൽ ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

കൊച്ചി
കടൽപ്പായൽ ഉൽപ്പാദനരംഗത്ത് ഇന്ത്യയെ ആഗോള ശക്തിയാക്കിമാറ്റുകയെന്ന ലക്ഷ്യത്തോടെ, ഏഴാമത് ഇന്ത്യ ആഗോള കടൽപ്പായൽ ഉച്ചകോടി കൊച്ചിയിൽ തുടങ്ങി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്‌ആർഐ) കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. 2015ൽ 18,890 ടണ്ണായിരുന്ന കടൽപ്പായൽ ഉൽപ്പാദനം 2024ൽ 74,083 ടണ്ണായി വർധിച്ചെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് (എൻഎഫ്‌ഡിബി) ചീഫ് എക്‌സിക്യുട്ടീവ് ഡോ. ബി കെ ബെഹറ അധ്യക്ഷനായി. ഡോ. ജെ കെ ജെന, സാഗർ മെഹ്‌റ, ഡോ. സി എസ് ഷൈൻകുമാർ, ഡോ. കണ്ണൻ ശ്രീനിവാസൻ, ഡോ. ഗ്രിൻസൺ ജോർജ്, ഡോ. ജോർജ് നൈനാൻ, ഡോ. പ്രദീപ്കുമാർ ശർമ, വിനയ് ജെയിംസം കൈനാടി, ഡോ. ബി ജോൺസൺ എന്നിവർ സംസാരിച്ചു.
ഉൽപ്പാദനംമുതൽ വിപണനംവരെയുള്ള എല്ലാ ഘട്ടങ്ങളെയും ഒരുകുടക്കീഴിൽ കൊണ്ടുവന്ന് കടൽപ്പായൽ മേഖലയെ ഇന്ത്യയുടെ ‘ബ്ലൂ ഇക്കോണമി’യുടെ കരുത്താക്കിമാറ്റുമെന്ന് ഉച്ചകോടി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ സ്വാധീനം ഉറപ്പിക്കുക, പുതിയ സംരംഭങ്ങൾക്ക് സാങ്കേതിക സാമ്പത്തികസഹായം നൽകുക, കടൽപ്പായൽ കൃഷി വലിയ തൊഴിൽമേഖലയായി വളർത്തുക, മൂല്യവർധിത ഉൽപ്പന്ന നിർമാണം പ്രോത്സാഹിപ്പിക്കുക എന്നിവയ്‌ക്ക് ഉൗന്നൽ നൽകും. ദേശീയ കർമപദ്ധതിക്ക് ഉച്ചകോടി രൂപംനൽകും. കടൽപ്പായലിന്റെ സാമ്പത്തിക, പോഷകാഹാര, പാരിസ്ഥിതിക സാധ്യതകൾ പ്രയോജനപ്പെടുത്തി തീരദേശവാസികൾക്ക് വരുമാനത്തിന് വഴിയൊരുക്കുകയെന്നതും സമ്മേളന ലക്ഷ്യമാണ്.
അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ, ഫ്രാൻസ്, സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, മാലദ്വീപ്, ഇന്തോനേഷ്യ, ശ്രീലങ്ക, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് (ഐസിസി), സിഎംഎഫ്ആർഐ, സെൻട്രൽ സാൾട്ട് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ചേർന്നാണ് പ്രദർശനവും ഉച്ചകോടിയും സംഘടിപ്പിക്കുന്നത്. ഉച്ചകോടി വെള്ളിയാഴ്ച സമാപിക്കും.










0 comments