ad
Deshabhimani

സഹായം തേടി ഇനി അവർ കൈനീട്ടില്ല

Suicide
avatar
ജോഷി അറയ്‌ക്കൽ

Published on Jun 28, 2026, 01:25 AM | 2 min read

കോതമംഗലം

പിറവത്ത്‌ മൂവാറ്റുപുഴയാറിൽ നിർധന കുടുംബത്തിലെ ദന്പതികളുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്‌ കോതമംഗലത്തിനും നൊന്പരമായി. ചെറുവട്ടൂർ ഇരമല്ലൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന പാലക്കാട് എലവഞ്ചേരി കുമ്പളക്കോട് നഗറിൽ നാരായണനും പൂർണമായും കാഴ്ചപരിമിതിയുള്ള ഭാര്യ പായിപ്ര മാനാറി പാലക്കാപ്പറമ്പിൽ പി വി വിജിമോളും ഒരാഴ്ചമുന്പ്‌ കോതമംഗലം പൊലീസ് സ്‌റ്റേഷനിൽ സഹായം തേടി എത്തിയിരുന്നു. നിലവിലെ വാടകവീട് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടുവെന്നും തലചായ്ക്കാൻ മറ്റൊരിടമില്ലെന്നും ഇൻസ്‌പെക്ടർ പ്രശാന്ത് കുമാറിനോട്‌ സങ്കടം പറഞ്ഞു. രണ്ടുമക്കളുടെ കാര്യവും മറ്റൊരു വാടകവീട് എടുക്കാൻ നിവൃത്തിയില്ലെന്നും പറഞ്ഞു.


ഇരുവരും ലോട്ടറി വിറ്റ് കിട്ടുന്ന തുച്ഛമായ തുകയാണ് ഏക ഉപജീവനമാർഗമെന്നറിഞ്ഞ പൊലീസ്, പട്ടണത്തിലെ ലോഡ്ജിൽ താൽക്കാലിക താമസസ‍ൗകര്യം ഒരുക്കി. നെല്ലിക്കുഴിയിൽ മറ്റൊരു വാടകവീടും ശരിയാക്കി. പൊലീസ്‌ ജീപ്പിൽ കുടുംബത്തെ കൊണ്ടുപോയി വീട്‌ കാണിച്ചുകൊടുക്കുകയുംചെയ്തു. നിലവിലുള്ള വാടകവീട്ടിൽനിന്ന്‌ വീട്ടുപകരണങ്ങൾ എത്തിച്ചശേഷം 29 മുതൽ താമസം തുടങ്ങാമെന്ന്‌ കുടുംബം പൊലീസുദ്യോഗസ്ഥരോട്‌ പറഞ്ഞിരുന്നു. പിന്നീട് വെള്ളിയാഴ്ച പൊലീസ് ഇവർ താമസിക്കുന്ന ലോഡ്ജിൽ എത്തിയപ്പോൾ കുടുംബസമേതം പിറവത്തേക്ക് പോയതായതായി ലോഡ്ജ് ജീവനക്കാർ പറഞ്ഞു. കുടുംബം തിരികെ എത്താത്തതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പിറവത്തെ ഹോട്ടലിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ്‌ ഇവരെ അവസാനമായി കണ്ടത്.


പിന്നാലെ വിജിമോളുടെയും ആൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ പുഴയിൽ കണ്ടെത്തിയ വിവരമറിഞ്ഞു. കുടുംബം ഒന്നാകെ പുഴയിൽ ചാടിയെന്ന വിവരമറിഞ്ഞതോടെ സഹായവുമായി ഒപ്പംനിന്ന പൊലീസുദ്യോഗസ്ഥരും ഇവർ മുന്പ്‌ താമസിച്ചിരുന്ന സ്ഥലങ്ങളിലെ അയൽവാസികളും പരിചയക്കാരുമെല്ലാം തീരാദുഃഖത്തിലാണ്‌.


കണ്ണീരണിഞ്ഞ്‌ 
മാനാറി ഗ്രാമം

മൂവാറ്റുപുഴ

മാതാപിതാക്കളുടെയും രണ്ടുവയസ്സുകാരന്റെയും  മുങ്ങിമരണം മാനാറി ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. പായിപ്ര പഞ്ചായത്തിലെ മാനാറി പാലയ്ക്കപ്പറമ്പിൽ വിജയന്റേയും ജഗദമ്മയുടെയും മകൾ വിജിമോൾ, ഭർത്താവ് പാലക്കാട് ഇലവഞ്ചേരി കുമ്പളക്കോട് നാരായണൻ, ഇവരുടെ രണ്ടുവയസ്സുള്ള മകൻ എന്നിവർ പുഴയിൽ മുങ്ങിമരിച്ചതും ഇവരുടെ എട്ടുവയസ്സുകാരി മകൾ ഹന്നയെ കാണാതായതും ഞെട്ടലോടെയാണ് ബന്ധുക്കളും നാട്ടുകാരും അറിഞ്ഞത്.


വിജിമോളുടെയും നാരായണന്റെയും വിവാഹശേഷം കോതമംഗലത്ത്‌ വിവിധ വാടകവീടുകളിലാണ്‌ ഇവർ താമസിച്ചിരുന്നത്‌. വിജിമോൾക്ക്‌ ജന്മനാ കാഴ്‌ചപരിമിതിയുള്ള ആളാണ്‌. വിജയൻ കൂലിപ്പണി ചെയ്‌തും ലോട്ടറി വിൽപ്പന നടത്തിയുമാണ്‌ വീട്‌ പുലർത്തിയിരുന്നത്‌. ഒരാഴ്‌ചമുന്പാണ്‌ കുടുംബം പിറവത്തെ വാടകവീട്ടിലേക്ക്‌ മാറിയത്‌. മൂന്നുപേരുടെയും പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് മൂന്നുപേരുടെയും സംസ്കാരം തൃപ്പൂണിത്തുറ നഗരസഭ ശ്മശാനത്തിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home