വാക്കുതർക്കം; യുവാവിനെ സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് കത്തിച്ചു

ജിഷ്ണു, സാൽബെറിൻ, ചന്തനു ചന്ദ്രൻ, സി ജി ദേവ്
പിറവം
വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. പിറവം സ്നേഹഭവൻ റോഡിൽ വ്യാഴം പുലർച്ചെ ഒന്നിനാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കക്കാട് കോട്ടുകുന്നത്ത് അരുൺ (31) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പെട്രോൾ ഒഴിച്ച മണീട് നെച്ചൂർ പെരുമ്പിള്ളിൽ ജിഷ്ണു (31)വിനും പൊള്ളലേറ്റു. ഇയാളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലിസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ജിഷ്ണുവിനൊപ്പം ഉണ്ടായിരുന്ന നെച്ചൂർ പെരുമ്പിളിൽ ചന്തനു ചന്ദ്രൻ (34), നെച്ചൂർ വാഴയിൽ സാൽബറിൻ (32), കക്കാട് ചൊള്ളാൽസി ജി ദേവ് (36) എന്നിവരെ പിറവം പൊലീസ് കസ്റ്റഡിയിലെടുത്തു.
ജിഷ്‌ണു വിദേശത്തുനിന്ന് കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. സുഹൃത്തായ അരുൺ ബുധനാഴ്ച ജിഷ്ണുവിനെ ഫോണിൽ വിളിച്ചിരുന്നു. ഫോൺ എടുത്ത ജിഷ്ണുവിന്റെ അമ്മയോട് അരുൺ മോശമായി സംസാരിച്ചു എന്നാരോപിച്ചായിരുന്നു അതിക്രമം.
സുഹൃത്തുക്കൾക്കൊപ്പം പിറവത്ത് എത്തിയ ജിഷ്ണു, കൈയിൽ കരുതിയിരുന്ന പെട്രോൾ അരുണിന്റെ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഇതിനിടയിലാണ് ജിഷ്ണുവിനും പൊള്ളലേറ്റത്. അരുണിനെ സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. അരുണിന് 75 ശതമാനം പൊള്ളലേറ്റു. നില ഗുരുതരമാണ്.
സുഹൃത്തുക്കളായിരുന്ന അരുണും ജിഷ്ണുവും ഒരു വർഷമായി അകൽച്ചയിലാണെന്ന് നാട്ടുകാർ പറയുന്നു. ജിഷ്ണുവും പിടിയിലായ സുഹൃത്തുക്കളും ചേർന്ന് കാരവൻ സർവീസ് നടത്തുന്നുണ്ട്.









0 comments