പഴയ ടിക്കറ്റിന് ‘പുതിയ’ കുരുക്ക്; കോട്ടയം മെഡിക്കൽ കോളേജിൽ വൃക്കരോഗികൾ വലഞ്ഞു

കോട്ടയം മെഡിക്കൽ കോളേജ് വൃക്കരോഗ വിഭാഗത്തിലെ തിരക്ക്
ഗാന്ധിനഗർ
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൃക്കരോഗ വിഭാഗത്തിൽ പരിശോധനയ്ക്കെത്തിയ രോഗികളും ജീവനക്കാരും തമ്മിൽ വാക്കേറ്റം. ബുധനാഴ്ച രാവിലെ വൃക്കരോഗ വിഭാഗത്തിലെ പരിശോധനാ മുറികൾക്ക് മുന്നിലാണ് സംഭവം. ഡോക്ടറെ കാണാൻ പഴയ ഒപി ടിക്കറ്റും ചികിത്സാബുക്കും സീൽ ചെയ്യണമെങ്കിൽ 2026-ൽ എടുത്ത ഒപി ടിക്കറ്റ് നിർബന്ധമാണെന്ന ജീവനക്കാരുടെ നിർദേശമാണ് രോഗികളെ പ്രകോപിപ്പിച്ചത്. പുലർച്ചെമുതൽ പരിശോധനയ്ക്കായി കാത്തുനിൽക്കുന്ന രോഗികൾക്ക് വീണ്ടും ഒപി ടിക്കറ്റ് എടുക്കാൻ താഴത്തെ ടിക്കറ്റ് കൗണ്ടറിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്ന സാഹചര്യം പ്രതിഷേധത്തിനിടയാക്കി. ഇത് ചോദ്യംചെയ്ത രോഗികളോട് ജീവനക്കാർ മോശമായി സംസാരിച്ചതായും ഇതോടെയാണ് വാക്കേറ്റമുണ്ടായതെന്നും രോഗികൾ പറയുന്നു. വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് എയ്ഡ് പോസ്റ്റിൽനിന്ന് പൊലീസ് എത്തിയശേഷമാണ് സ്ഥിതി ശാന്തമായത്. പഴയ ടിക്കറ്റുകളിലെ ബാർ കോഡ് സ്കാൻ ചെയ്യുന്നതിൽ സാങ്കേതിക തകരാർ ഉണ്ടായതാണ് പുതിയ ഒപി ടിക്കറ്റ് എടുക്കാൻ നിർദേശം നൽകാൻ കാരണമെന്നാണ് ജീവനക്കാരുടെ വിശദീകരണം. ടിക്കറ്റിലെ ബാർകോഡ് സ്കാൻ ചെയ്താൽ മാത്രമേ ഡോക്ടറുടെ മുന്നിലെ കംപ്യൂട്ടറിൽ രോഗിയുടെ ചികിത്സാവിവരങ്ങൾ ലഭ്യമാകൂ. എന്നാൽ രോഗികളുടെ പ്രതിഷേധത്തെ തുടർന്ന് മറ്റൊരു അനുബന്ധ കംപ്യൂട്ടർ ഉപകരണമെത്തിച്ച് പ്രശ്നം പരിഹരിച്ചു. രോഗികളെ മണിക്കൂറുകളോളം വലയ്ക്കുന്നതിനുപകരം ഈ സംവിധാനം നേരത്തെ ഒരുക്കാമായിരുന്നില്ലേയെന്നാണ് രോഗികളുടെ ചോദ്യം. രാവിലെ എട്ടിന് ശേഷമാണ് കൗണ്ടറിൽ ജീവനക്കാർ എത്തിയതെന്നും രോഗികൾ ആരോപിച്ചു. വൃക്കരോഗ വിഭാഗത്തിൽ അഞ്ച് പരിശോധനാ മുറികളാണുള്ളത്. ടിക്കറ്റും ചികിത്സാ ബുക്കും സീൽ ചെയ്യുന്നതിനായി മൂന്നിലധികം ജീവനക്കാരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ആഴ്ചയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ മാത്രമാണ് വൃക്കരോഗ വിഭാഗത്തിൽ ഒപി പ്രവർത്തിക്കുന്നത്.









0 comments