ad
Deshabhimani

വിപണിയിൽ ആശങ്ക

കുപ്രചാരണ വലയിൽ കുടുങ്ങി ചൂര വിൽപ്പന

Concern in the market

നഗരത്തിലെ മീൻവിൽപ്പനശാലയിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന ചൂര

avatar
സ്വന്തം ലേഖകൻ

Published on Sep 18, 2026, 02:24 AM | 1 min read

കൊച്ചി


തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമവാര്‍ത്തകള്‍ക്ക്‌ പിന്നാലെ വിലയും ആവശ്യകതയും ഇടിഞ്ഞ്‌ ചൂരമീൻവിപണി. ഫൈബര്‍ വള്ളങ്ങളിൽ പിടിച്ചുകൊണ്ടുവന്നിരുന്ന ചൂരയ്‌ക്ക്‌ ആഗസ്‌തിൽ കിലോയ്ക്ക് 300–350 രൂപ വിലയുണ്ടായിരുന്നത്‌ ഇപ്പോള്‍ 250 രൂപയിലേക്ക് ഇടിഞ്ഞു. ബോട്ടുകാര്‍ പിടിക്കുന്ന മീനിന് 250 രൂപ വിലയുണ്ടായിരുന്നത് 180 രൂപയിലേക്കും ഒഴുക്കുവലക്കാര്‍ പിടിക്കുന്ന മീനിന്റെ വില 160–189 രൂപയിലേക്കും താഴ്‌ന്നു. ഫൈബര്‍ വള്ളക്കാർ പിടിക്കുന്ന ചൂരയ്‌ക്കാണ്‌ വിപണിയിൽ ആവശ്യക്കാർ കൂടുതൽ.


മുനമ്പം ഹാര്‍ബര്‍, തോപ്പുംപടി ഹാര്‍ബര്‍, കാളമുക്ക്, ചെല്ലാനം എന്നിവിടങ്ങളില്‍ ചൂരയെത്തുന്നുണ്ട്. ഇവിടെനിന്ന്‌ ചില്ലറവില്‍പ്പനകേന്ദ്രങ്ങളിലേക്ക് മീനെത്തും. മറ്റു മീൻ ആളുകള്‍ വാങ്ങുന്നുണ്ടെങ്കിലും ചൂരയെ ആശങ്കയോടെയാണ് നോക്കുന്നതെന്ന് ചില്ലറവില്‍പ്പനക്കാര്‍ പറഞ്ഞു. മത്സ്യസംസ്കരണ വ്യവസായത്തില്‍ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നമായതിനാല്‍ ആശങ്ക പരിഹരിക്കപ്പെടാത്തപക്ഷം വലിയ തിരിച്ചടിയുണ്ടാകുമെന്ന്‌ ഇ‍ൗരംഗത്തുള്ളവർ ഭയക്കുന്നു.


ചൂരയുടെ ആവശ്യകത ഇടിയാൻ കാരണമായ മാധ്യമവാർത്തകൾ തെറ്റാണെന്ന്‌ സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോജിയിലെ (സിഫ്‌റ്റ്‌) വിദഗ്‌ധർ വ്യക്തമാക്കിയിരുന്നു. ചിലയിനം ചൂരകളിൽ പരാദങ്ങൾ ഉണ്ടെന്നതരത്തിൽ വിദേശ സർവകലാശാലയിലെ ഗവേഷണപ്രബന്ധത്തിൽ വന്ന വിവരങ്ങളാണ്‌ തെറ്റിദ്ധാരണക്കിടയാക്കിയത്‌.


എന്നാൽ, മീനുകളില്‍ പരാദങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. ആഹാരമാക്കുന്ന വസ്തുക്കള്‍വഴി പരാദങ്ങളോ അവയുടെ ലാര്‍വകളോ മീനുകളുടെ അകത്തെത്താം. എന്നാല്‍, കേരളത്തിലെ സാഹചര്യത്തില്‍ ചൂരയടക്കമുള്ള മീനുകള്‍ വേവിച്ച് ഭക്ഷിക്കുന്നതിനാല്‍ ആശങ്ക വേണ്ട. 60 ഡിഗ്രിയില്‍ 10 മിനിട്ട്‌ വേവിച്ചാലോ മൈനസ് 18 ഡിഗ്രിയില്‍ 24 മണിക്കൂർ ശീതീകരിച്ചാലോ വിരകളടക്കമുള്ള പരാദങ്ങള്‍ നശിക്കുമെന്ന്‌ സിഫ്റ്റിലെ വിദഗ്‌ധർ വ്യക്തമാക്കിയിരുന്നു​.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home