-ദേശീയ കാവ്യോത്സവത്തിന് ഇന്ന് തുടക്കം

ദേശീയ കാവ്യോത്സവത്തിന്റെ വിളംബരമായി ഇടപ്പള്ളി ചങ്ങമ്പുഴ സ്മൃതിമണ്ഡപത്തിൽ ചങ്ങമ്പുഴയുടെ ഇളയമകള്‍ ലളിത ചങ്ങമ്പുഴ ദീപം തെളിക്കുന്നു
കൊച്ചി
മലയാള കാവ്യശാഖയിലെ ഇതിഹാസ കാവ്യങ്ങൾക്ക് ആദരമർപ്പിക്കുന്ന ദേശീയ കാവ്യോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും. ചങ്ങന്പുഴ കൃഷ്‌ണപിള്ളയുടെ രമണൻ, വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാന്പഴം, ഇടപ്പള്ളി രാഘവൻപിള്ളയുടെ മണിനാദം എന്നിവ രചിക്കപ്പെട്ടതിന്റെ 90–ാംവാർഷികാഘോഷത്തിന്റെ ഭാഗമായാണ് ജില്ലാ ലൈബ്രറി കൗൺസിൽ പരിപാടി സംഘടിപ്പിക്കുന്നത്.
ഇടപ്പള്ളി ചങ്ങന്പുഴ പാർക്കിൽ രാവിലെ 9.30ന് ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ മകൾ ലളിത ചങ്ങമ്പുഴ പതാക ഉയർത്തും. തമിഴ് കവി കുട്ടി രേവതി കാവ്യോത്സവം ഉദ്ഘാടനംചെയ്യും. സംഘാടകസമിതി ചെയർമാൻ കെ ജയകുമാർ അധ്യക്ഷനാകും.
പകൽ രണ്ടിന് ബഹുഭാഷാ കവിയരങ്ങ് കന്നട കവി ഡോ. എച്ച് എൽ പുഷ്പ ഉദ്ഘാടനംചെയ്യും. പ്രൊഫ. കെ വി രാമകൃഷ്ണൻ അധ്യക്ഷനാകും. 4.30 മുതൽ 5.30 വരെ കുട്ടി രേവതി കവി ബിനു കരുണാകരനുമായി സർഗസംവാദം നടത്തും. തുടർന്ന് സുനിൽ പി ഇളയിടം ‘വൈലോപ്പിള്ളി: കവിതയിലെ ലോക വൈരുധ്യങ്ങൾ' വിഷയത്തിൽ പ്രഭാഷണം നടത്തും. 6.45ന് നർത്തകി സിത്താര ബാലകൃഷ്ണൻ സംവിധാനംചെയ്ത ‘രസസഞ്ചാര' അരങ്ങേറും.
കവിസമ്മേളനം, കവിക്കൂട്ടം
രണ്ടാംദിവസമായ ശനി രാവിലെ ‘കവിതയും ജനതയും' വിഷയത്തിൽ സെമിനാർ നടക്കും. ഡോ. മിനിപ്രിയ മോഡറേറ്ററാകും. പകൽ രണ്ടിന് കവിസമ്മേളനം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്യും. എസ് കലേഷ് അധ്യക്ഷനാകും. തുടർന്ന് ചങ്ങമ്പുഴ പാർക്കിലെ ആറ് ഇടങ്ങളിലായി കവിക്കൂട്ടങ്ങൾ നടക്കും. രവിത ഹരിദാസ്, ശരത് എസ് ബാവക്കാട്, കെ വി അനിൽകുമാർ, ജയകുമാർ ചെങ്ങമനാട്, അനിൽ മുട്ടാർ, അർച്ചിത് അമേയ എന്നിവർ കവിക്കൂട്ടങ്ങളെ നയിക്കും. വൈകിട്ട് 5.30ന് ‘ചങ്ങമ്പുഴ കവിതയും മലയാള ജീവിതവും' വിഷയത്തിൽ കവി പി എൻ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തും.
സെമിനാർ, മുഖാമുഖം
ഞായർ രാവിലെ 10ന് ‘ലോകകവിതയും മലയാള ഭാവനയും' വിഷയത്തിൽ സെമിനാറിൽ പ്രൊഫ. ഇ എസ് സതീശൻ മോഡറേറ്ററാകും. പകൽ രണ്ടിന് കവിസമ്മേളനം പ്രഭാവർമ ഉദ്ഘാടനംചെയ്യും. ഡോ. മ്യൂസ് മേരി ജോർജ് അധ്യക്ഷയാകും. വൈകിട്ട് നാലിന് മന്ത്രി റോജി എം ജോൺ മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകും. 4.30ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളായ അബ്ദുൽ റഷീദും ഇ വി രാമകൃഷ്ണനും തമ്മിലുള്ള മുഖാമുഖം നടക്കും. 5.30ന് സമാപനസമ്മേളനം കന്നട എഴുത്തുകാരൻ അബ്ദുൽ റഷീദ് ഉദ്ഘാടനംചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത അധ്യക്ഷനാകും.
ദീപം തെളിച്ചു
കൊച്ചി
ദേശീയ കാവ്യോത്സവത്തിന്റെ വിളംബരമായി കലൂർ വൈലോപ്പിള്ളി പാർക്ക്, ഇടപ്പള്ളി ചങ്ങമ്പുഴ സ്മൃതിമണ്ഡപം, പോണേക്കര ഇടപ്പള്ളി രാഘവൻപിള്ള സ്മാരകകേന്ദ്രം എന്നിവിടങ്ങളിൽ ദീപക്കാഴ്ച ഒരുക്കി. ലൈബ്രറികൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവയുടെ നേതൃത്വത്തിലാണ് ദീപം തെളിച്ചത്.
ചങ്ങമ്പുഴ സ്‌മൃതിമണ്ഡപത്തിൽ ലളിത ചങ്ങമ്പുഴ ആദ്യദീപം തെളിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത, സെക്രട്ടറി പി ജി സജീവ്, ചങ്ങമ്പുഴ സ്മാരകഗ്രന്ഥാലയം പ്രസിഡന്റ് ഡോ. എസ് ഹരികുമാർ, പി കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. കലൂർ വൈലോപ്പിള്ളി സ്മാരകത്തിൽ കൗൺസിലർ എം ജി അരിസ്റ്റോട്ടിൽ, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ കെ ശിവദാസൻ, വൈലോപ്പിള്ളിയുടെ സഹോദരീപുത്രൻ വി ജയകുമാർ, സഹൃദയ ലൈബ്രറി സെക്രട്ടറി കിഷൻ ചന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് ദീപം തെളിച്ചത്.
പോണേക്കര ഇടപ്പള്ളി രാഘവൻപിള്ള സ്മാരക കേന്ദ്രത്തിൽ കൗൺസിലർ അബ്ദുൾ ലത്തീഫ്, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ്, ചിത്രകാരൻ എൻ എ മണി, പോണേക്കര ലയോള ദേശീയ വായനശാല പ്രസിഡന്റ് എ ജെ ഇഗ്‌നേഷ്യസ്, നാടകപ്രവർത്തകൻ എ ആർ രതീശൻ എന്നിവർ ദീപം തെളിച്ചു.









0 comments