ദേശാഭിമാനി പത്രപ്രചാരണ സെമിനാർ
ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ യുഡിഎഫ് സർക്കാർ ശ്രമം: പി രാജീവ്

ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി പെരുന്പാവൂരിൽ സംഘടിപ്പിച്ച സെമിനാർ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് മുഖ്യമന്ത്രി വി ഡി സതീശനും കൂട്ടരും ശ്രമിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്. റിപ്പോർട്ടർ ചാനലിലെ പൊലീസ് നടപടിയും ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തതും ഇതിന്റെ ഭാഗമാണെന്നും രാജീവ് പറഞ്ഞു.
ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി ‘ഹിന്ദുത്വ കോർപറേറ്റ് അജൻഡയും മാധ്യമ പ്രതിരോധവും' വിഷയത്തിൽ പെരുമ്പാവൂരിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണക്കാരുടെ വാഴ്‌ത്തുപാട്ടും പ്രത്യയശാസ്‌ത്ര പ്രചാരണവും ഏറ്റെടുത്ത ദേശീയതലത്തിലെ മാധ്യമങ്ങളെ 'ഗോദി മീഡിയ' എന്നാണ് വിശേഷിപ്പിക്കുന്നത്. മാധ്യമങ്ങളുടെ പൊതുബോധ നിർമിതിയെ സമൂഹമാധ്യമങ്ങളിലൂടെ പൊളിച്ചെഴുതുന്നതാണ് ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ കണ്ടത്. കേരളത്തിൽ കാണുന്നത് സർക്കാരിനോട് ചേർന്നു നിൽക്കുന്ന മാധ്യമങ്ങളെയാണ്.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര, പി എം ശ്രീ, വന്ദേമാതരം വിഷയങ്ങളും മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ടോ? വൈദ്യുതി നിയന്ത്രണമില്ലാതിരുന്ന 10 വർഷത്തെക്കുറിച്ച് ജനം മനസിലാക്കുകയാണെന്നും പി രാജീവ് പറഞ്ഞു.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പുഷ്പ ദാസ്, ഏരിയ സെക്രട്ടറി സി എം അബ്ദുൽ കരീം, പി എം സലിം, എം ഐ ബീരാസ് എന്നിവർ സംസാരിച്ചു.

കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത മാധ്യമവേട്ട: കെ ജെ തോമസ്
ആലുവ
യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധത തുറന്നുപറയുന്ന മാധ്യമങ്ങളോട് സർക്കാരിന് അസഹിഷ്‌ണുതയാണെന്ന് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് പറഞ്ഞു. ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി ആലുവയിൽ ‘ഹിന്ദുത്വ കോർപറേറ്റ് അജൻഡയും മാധ്യമ പ്രതിരോധവും' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ഭരണത്തിൽ കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്തവിധമുള്ള മാധ്യമവേട്ടയാണ് നടക്കുന്നത്. റിപ്പോർട്ടർ ചാനലിനെതിരെ നടത്തുന്നതും അതാണ്. ഭൂരിപക്ഷമുള്ള കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ട പാരമ്പര്യമാണ് കോൺഗ്രസിന്റേത്. അതേസ്വഭാവം തന്നെയാണ് കോൺഗ്രസ് ഇപ്പോഴും പിന്തുടരുന്നത്. അടിയന്തരാവസ്ഥയിൽ പത്രങ്ങളെ വേട്ടയാടി. പുതിയ കാലത്തും എതിർക്കുന്നവരെ ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമമെന്നും കെ ജെ തോമസ് പറഞ്ഞു.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി സലിം അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത്, ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി, കീഴ്മാട് ലോക്കൽ സെക്രട്ടറി കെ എ രമേശൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ എം സലിം, പി എം സഹീർ, ടി വി പ്രദീഷ്, എം ജെ ടോമി, ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജർ പ്രദീപ് മോഹൻ, ന്യൂസ് എഡിറ്റർ ടി ആർ അനിൽ കുമാർ എന്നിവർ സംസാരിച്ചു.









0 comments