കുട്ടികളോട് വേണോ ക്രൂരത

തലയോലപ്പറന്പ്
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കുഞ്ഞുങ്ങൾക്ക് നൽകേണ്ട മരുന്നില്ല. അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്കുള്ള വൈറ്റമിൻ -എ തുള്ളിമരുന്നാണ് ജൂലൈമുതൽ ലഭ്യമാകാത്തത്. മരുന്ന് എത്തിക്കുന്നതിൽ സർക്കാർ വരുത്തിയ വീഴ്ചയാണ് വിതരണം നിലയ്‌ക്കാൻ കാരണം. കുട്ടികളുടെ കാഴ്ചശക്തിക്കും പ്രതിരോധശേഷി വർധിപ്പിക്കാനും ത്വക്കിലുണ്ടാകുന്ന വെള്ളപ്പാടുകൾ ഒഴിവാക്കുന്നതിനുമാണ് വൈറ്റമിൻ എ മരുന്ന് നൽകുന്നത്. ആറുമാസംമുതൽ അഞ്ചുവയസുവരെയുള്ള കാലയളവിൽ ഒമ്പതുതവണയായാണ് ഡോസുകൾ നൽകേണ്ടത്. മരുന്ന് ലഭ്യമാകാതായതോടെ കൃത്യമായി നൽകാൻ സാധിക്കുന്നില്ല. സർക്കാർ ആശുപത്രിയിലെത്തുന്നവർ മരുന്നില്ലാതെ മടങ്ങേണ്ട അവസ്ഥയാണ്. ഗർഭിണികൾക്കുള്ള വൈറ്റമിൻ -ഡി ഗുളിക പലയിടങ്ങളിലും ലഭ്യമല്ല. മരുന്നുകളുടെ വിതരണം നിലച്ചത് സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയാണെന്ന ആക്ഷേപം ശക്തമാണ്. മരുന്നുകൾ ലഭ്യമാക്കിയിരുന്ന കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിലെ ഉൽപാദനം യുഡിഎഫ് സർക്കാർ വന്നശേഷം കുറച്ചു. ജില്ലയിലെ മിക്ക ആശുപത്രികളിലും പ്രതിരോധ മരുന്നും ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നും ലഭ്യമല്ല. സർക്കാർ ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാരില്ലാത്തതും രോഗികളെ വലയ്‌ക്കുന്നു. ജില്ലാ, ജനറൽ ആശുപത്രികളിലായി 22 ഡോക്‌ടർ തസ്‌തികകളാണ് ഒഴിവുള്ളത്. കൃത്യസമയത്ത് സ്ഥാനക്കയറ്റം നൽകാൻ ആരോഗ്യവകുപ്പ് നടപടിയെടുക്കാത്താണ് ഒഴിവുകൾ നികത്താൻ തടസ്സം. യുഡിഎഫ് അധികാരത്തിലെത്തിയതുമുതൽ പൊതുജനാരോഗ്യ മേഖലയുടെ പ്രവർത്തനം താളംതെറ്റിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.









0 comments