ചരിത്രമുഹൂർത്തമായി അടിയന്തരാവസ്ഥാ സമരസംഗമം
തെരുവിലും ജയിലിലും മുഴങ്ങി അവകാശത്തിന്‍ 'തൊഴിലാളി ശബ്ദം'

കളമശേരി
അടിയന്തരാവസ്ഥയിൽ തൊഴിലാളികള്‍ നടത്തിയ അവകാശപ്പോരാട്ടത്തിന്റെ 50–-ാം വാർഷികസംഗമം ചരിത്രമുഹൂർത്തമായി. ഫാക്ട് എംപ്ലോയീസ് അസോസിയേഷന്‍ (എഫ്ഇഎ) നേതൃത്വത്തിൽ നടത്തിയ സംഗമം ട്രേഡ് യൂണിയൻ നേതാവ് കെ എൻ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റും ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റുമായ കെ ചന്ദ്രൻപിള്ള അധ്യക്ഷനായി.
ബോണസ് നിഷേധിച്ചതിനെതിരെ 1976 ജനുവരി ആറിന് നടന്ന സൂചനാ സത്യഗ്രഹമാണ് തൊഴിലാളി നേതാക്കളുടെ അറസ്റ്റിലും ജയിൽവാസത്തിലും കലാശിച്ചത്. ഡിഐആർ കരിനിയമം ഉപയോഗിച്ച് ഭരണകൂടം വേട്ടയാടിയ 24 പേരിൽ 16 പേരും ഫാക്ട് ജീവനക്കാരായിരുന്നു. മറ്റുള്ളവർ കാർബോറാണ്ടം യൂണിവേഴ്സൽ, ഇന്ത്യൻ അലുമിനിയം കമ്പനി, ബിനാനി സിങ്ക് എന്നീ വ്യവസായശാലകളിൽനിന്നുള്ളവരാണ്.
ജയിലിലടയ്‌ക്കപ്പെട്ട 16 ഫാക്ട് ജീവനക്കാരിൽ 10 പേർ ജീവിച്ചിരിപ്പില്ല. അവരുടെ മക്കളും കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. സമരപോരാളികളായ മാത്യു മുരിക്കൻ, വി എം ലോനപ്പൻ, ഇ പി അയ്യർ, സി എം സുഭാഷ്, എം എ സിദ്ധാർത്ഥൻ, പി എസ് ഗോപാലകൃഷ്ണൻ എന്നിവരെ ആദരിച്ചു. സമരത്തില്‍ അണിനിരന്നവരുടെ ഗ്രൂപ്പ് ഫോട്ടോ ഫ്രെയിം ചെയ്ത് എല്ലാവർക്കും നൽകി. 1976 ജനുവരി ആറുമുതൽ ഫെബ്രുവരി 26 വരെ അനുഭവിച്ച 50 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. സംഗമത്തിൽ ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികളായ സന്തോഷ് ബാബു, മാത്യു ചെറിയാൻ, അരുൺകൃഷ്ണ എന്നിവർ സംസാരിച്ചു.
മകൻ പിറന്നതറിയാതെ തടവറയില്‍
വ്യക്തിജീവിതത്തിലെ പ്രധാന ദിനങ്ങളിലൊന്നിലാണ് മാത്യു മുരിക്കൻ ഫാക്ട് ഗേറ്റിൽനിന്ന് അറസ്റ്റിലാകുന്നത്. അറസ്റ്റിലാകുമ്പോള്‍ ഭാര്യ പൂർണഗർഭിണി. മാത്യു ജയിലിലടക്കപ്പെട്ട് 12–-ാംദിവസം ഭാര്യ ആദ്യ മകന് ജന്മം നല്‍കി. പിന്നീട്, ദിവസങ്ങൾക്കുശേഷം ഭാര്യാപിതാവ് ജയിലിൽവന്ന് പറഞ്ഞപ്പോഴാണ് വിവരമറിയുന്നത്. അദ്ദേഹം കൊണ്ടുവന്ന മിഠായി സഹതടവുകാർക്ക് നൽകി മാത്യു സന്തോഷം പങ്കുവച്ചു.
സമരത്തില്‍ പങ്കെടുത്താല്‍ ജോലി നഷ്ടപ്പെടുമെന്ന് സമരക്കാരോട് പലരും പറഞ്ഞു. എന്നാൽ, അവകാശബോധം ഭീഷണികളെ തൃണവൽഗണിക്കാൻ കരുത്തായി. അങ്ങനെയാണ് 24 പേർ സമരമുഖത്തുനിന്ന് ജയിലിലെത്തുന്നത്. അവിടെയും ഭീഷണിയും പ്രലോഭനങ്ങളും. മാപ്പെഴുതിയാൽ വിടാമെന്ന് പൊലീസിന്റെ കൗശലം. ഇതിനെ മറികടന്നതോടെ ജയില്‍വാസം നീണ്ടെങ്കിലും ആരും പിന്തിരിഞ്ഞില്ല.
ജയിലിലെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഓർമകളാണ് സി എം സുഭാഷ് പങ്കുവച്ചത്. ജയിലിലുണ്ടായിരുന്ന ആർഎസ്എസ് തടവുകാർ സംഘമായി ഗണഗീതം ആലപിച്ചപ്പോൾ, അതിനെ തോൽപ്പിക്കാന്‍ ഉറക്കെ വാങ്ക് വിളിച്ച് ഗണഗീതം നിർത്തിച്ച അനുഭവവും അദ്ദേഹം വിവരിച്ചു. ഭക്ഷണമായി ലഭിച്ച ഗോതമ്പ് മാവിന്റെ കുറുക്കും ഉണ്ടയും ഒരു സെല്ലിൽ 24 പേർ ഞെരുങ്ങിക്കഴിഞ്ഞതുമെല്ലാം പങ്കുവച്ചപ്പോൾ പലരുടെയും കണ്ണ് നനഞ്ഞു.










0 comments