ad
Deshabhimani

അടിമുടി മാറി 
അന്താരാഷ്‌ട്ര സ്‌റ്റേഡിയം

stadium

കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി നിർമിച്ച കവാടം

avatar
സ്വന്തം ലേഖകൻ

Published on Dec 30, 2025, 01:40 AM | 1 min read

കൊച്ചി

കെട്ടിലും മട്ടിലും അടിമുടി മാറി, നവീകരണ ജോലികൾ ഏറെക്കുറെ പൂർത്തിയായി കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയം. നിശ്ചിത ഇടവേളകളിൽ സ്‌റ്റേഡിയത്തിനുള്ളിൽ നവീകരണവും അറ്റകുറ്റപ്പണികളും നടക്കാറുണ്ടെങ്കിലും പുറംകാഴ്‌ചയിലും അന്താരാഷ്‌ട്ര നിലവാരത്തിനൊപ്പമുള്ള മേയ്‌ക്ക്‌ ഓവർ ഇതാദ്യം. മഹാനഗരത്തിന്റെ പ്ര‍ൗഢിക്കിണങ്ങുംവിധം മുഖഛായ മാറ്റിയ ‘പുത്തൻ സ്‌റ്റേഡിയം’ പുതുവർഷത്തിൽ ഉദ്‌ഘാടനം ചെയ്യാനാണ്‌ ജിസിഡിഎ ആലോചിക്കുന്നത്‌.

തുറന്നുകിടന്ന സ്‌റ്റേഡിയം മൈതാനത്തിലേക്കുള്ള പ്രവേശനകവാടത്തിൽ ആകർഷകമായ കമാനവും ഗേറ്റുമാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌.


ഗേറ്റിനുമുന്നിൽ സ്‌റ്റീലിൽ കലാഭംഗിയോടെ വലിയ ഫുട്‌ബോൾ ശിൽപ്പം തീർത്തിട്ടുണ്ട്‌. സ്‌റ്റേഡിയത്തിലേക്ക്‌ നീളുന്ന റോഡിന്‌ ഇരുപുറത്തുമുള്ള മരങ്ങൾക്കുചുറ്റുമായി പൊതുജനങ്ങൾക്ക്‌ വിശ്രമിക്കാനായി കൽത്തറയും നിർമിച്ചു. റോഡിൽ കിഴക്കുവശത്ത്‌ 200 മീറ്ററും പടിഞ്ഞാറുവശത്ത് 310 മീറ്ററും ഉൾമതിലും പാർക്കിങ് ഗ്രൗണ്ടിൽ കിഴക്കുവശത്ത് 348 മീറ്ററും പടിഞ്ഞാറുഭാഗത്ത് 299 മീറ്ററും നീളത്തിൽ 2.70 മീറ്റർ ഉയരമുള്ള ചുറ്റുമതിലും പൂർത്തിയായി. പാർക്കിങ് ഗ്രൗണ്ടിൽ ടാറിങ് നടത്താനുണ്ട്‌. സ്റ്റേഡിയം കെട്ടിടത്തിലേക്ക്‌ പ്രവേശിക്കുന്ന ലോബിയുടെ മുൻവശം ക്ലാഡിങ് സ്ഥാപിച്ചും നിലം ടൈൽ പാകിയും ആകർഷകമാക്കി.


അകവും തിളങ്ങും

രാജ്യത്തെ മികച്ച ഫുട്ബോൾ സ്റ്റേഡിയമായി മാറ്റുന്നതാണ്‌ അകത്തെ ടർഫിന്റെ നവീകരണം. താഴെ നിരയിൽ കസേരകൾ പുതുതാക്കി. വിഐപി ഏരിയയിൽ ഹൈഡെൻസിറ്റി പോളിയെത്തലിൻ കസേരകളും സ്ഥാപിച്ചു. ശുചിമുറികളും നവീനമാക്കി. ഫ്ലഡ്‌ലൈറ്റ്‌ ടവറുകൾ അറ്റകുറ്റപ്പണികളോടെ നവീകരിച്ചതോടൊപ്പം കൂടുതൽ വെളിച്ചമുള്ള എൽഇഡി ലൈറ്റുകളും സ്ഥാപിച്ചു. ഇതോടെ സ്റ്റേഡിയത്തിലെ പ്രകാശസംവിധാനം 2500 ലക്‌സിൽനിന്ന്‌ അന്താരാഷ്ട്ര മത്സരങ്ങൾക്കാവശ്യമായ 3000 ലക്‌സിലേക്ക്‌ ഉയർന്നു. വിഐപി എൻട്രി, പ്ലെയേഴ്സ് റൂം എന്നിവയും നവീനമായി. പെയ്‌ന്റിങ്ങും പൂർത്തിയാക്കി.


സ്പോർട്‌സ്‌ കേരള ഫൗണ്ടേഷന്‌ ജിസിഡിഎ കൈമാറിയ സ്‌റ്റേഡിയത്തിലെ നവീകരണം ഏറ്റെടുത്തത്‌ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കന്പനിയാണ്‌. സർക്കാർ രൂപീകരിച്ച ടെക്നിക്കൽ കോ–ഓർഡിനേഷൻ കമ്മിറ്റിയും മോണിറ്ററിങ്‌ കമ്മിറ്റിയും മേൽനോട്ടം വഹിച്ചു. വിവിധ വകുപ്പുകളുടെ എകോപനത്തിനായി കലക്ടർ അധ്യക്ഷയായി ജില്ലാതല കമ്മിറ്റിയും ചീഫ് സെക്രട്ടറി അധ്യക്ഷനായി സംസ്ഥാനതല കമ്മിറ്റിയും പ്രവർത്തിച്ചു. സെപ്‌തംബർ 26ന്‌ ആരംഭിച്ച ജോലികൾ നിശ്ചിതസമയത്ത്‌ പൂർത്തിയായില്ലെങ്കിലും നവംബർ 30ന്‌ സ്‌റ്റേഡിയം തിരികെ ഏറ്റെടുത്ത ജിസിഡിഎ നവീകരണം തുടരാൻ അനുമതി നൽകുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home