സിയാഞ്ചിന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം

എസ്‌എസ്‌എൽസിയിൽ മികച്ച വിജയം നേടിയ സിയാഞ്ചിന് അച്ഛൻ പ്രസാദ് മധുരം നൽകുന്നു. സമീപം അമ്മ ബിന്ദുവും കൂത്താട്ടുകുളം ബിആർസിയിലെ അധ്യാപകരും
കൂത്താട്ടുകുളം
ശരീരത്തിന്റെ തളർച്ചയും കാഴ്ചപരിമിധിയും മറികടന്ന് എസ്എസ്എല്‍സി പരീക്ഷയിൽ സിയാഞ്ച് പ്രസാദ് നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം. വടകര എൽഎഫ്എച്ച്എസ് വിദ്യാർഥിയായ സിയാഞ്ച് രണ്ട് എ പ്ലസ്, രണ്ട് ബി പ്ലസ്, ബി എന്നിങ്ങനെ മികച്ച ഗ്രേഡുമായാണ് വിജയകിരീടം ചൂടിയത്.
ഇടുക്കി അണക്കര സ്വദേശികളായ എം ജി പ്രസാദിന്റെയും ബിന്ദുവിന്റെയും മകനാണ്. 2021 ഏപ്രിൽ 20ന് ഉണ്ടായ സൈക്കിൾ അപകടത്തിൽ സിയാഞ്ചിന് കാഴ്ച നഷ്ടപ്പെട്ടു, ഇടതുവശം തളർന്നു. ശാരീരിക വിഷമതകൾ കാരണം സ്കൂളിൽ പോകാന്‍ കഴിയാത്തതിനാല്‍ കൂത്താട്ടുകുളം ബിആർസിയിലെ സ്പെഷ്യൽ എഡ്യുക്കേറ്റർ ഷീജ ദാമോദരന്‍ വീട്ടിലെത്തിയാണ് സിയാഞ്ചിനെ പഠിപ്പിച്ചിരുന്നത്.
സിയാഞ്ചിന്റെ ചികിത്സയുടെ ഭാഗമായി പ്രസാദും കുടുംബവും അഞ്ചുവർഷമായി കൂത്താട്ടുകുളത്ത് വാടകയ്ക്ക് താമസിക്കുന്നു. രണ്ടുപേരുടെ സഹായത്തോടെ എഴുന്നേറ്റുനിൽക്കാവുന്ന അവസ്ഥയിലെത്തിയെങ്കിലും ഇനിയും ചികിത്സ തുടർന്നാലേ സിയാഞ്ചിന് നടക്കാനാകൂ. മാസത്തിൽ 30,000 രൂപയോളം മരുന്നിനു വേണം. 40,000 രൂപയിലേറെ ചെലവു വരുന്ന കുത്തിവയ്പ് മൂന്നു മാസത്തിലൊരിക്കൽ എടുക്കണം. ദിവസവും ഫിസിയോതെറാപ്പിയുമുണ്ട്. കാഴ്ചയുടെ ലോകം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിയാഞ്ചും കുടുംബവും.










0 comments