ശ്രീനിവാസന്റെ ഓർമയിൽ പുന്നച്ചാലിൽ വിളവെടുപ്പ്

ഉദയംപേരൂർ
നടൻ ശ്രീനിവാസന്റെ ഓർമകൾ നിറഞ്ഞുനിന്ന പകലിൽ കണ്ടനാട് പുന്നച്ചാൽ പാടശേഖരത്ത് വിളവെടുപ്പ്. ശ്രീനിവാസന്റെ അഭാവത്തിൽ പതിവുള്ള കൊയ്ത്തുത്സവം ഇത്തവണയുണ്ടായില്ല. നെല്‍ക്കതിരുകള്‍ നിറഞ്ഞ പാടത്തെ കൊയ്ത്ത് കാണാൻ ഇത്തവണ നാട്ടുകാരും കൃഷിക്കാരും ഒത്തുകൂടിയത് ഹൃദയവേദനയോടെയായിരുന്നു.
ശ്രീനിവാസന് ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്ന സമയത്തായിരുന്നു ഇവിടെ കൃഷിയിറക്കിയത്. അച്ഛന്റെ അഭാവത്തില്‍ മകന്‍ ധ്യാന്‍ ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു വിത്തിടൽ. 60 ഏക്കറിലായിരുന്നു ഇത്തവണ കൃഷി. പഞ്ചായത്ത് പ്രസിഡന്റ് ജൂബൻ ജോൺ, ജില്ലാപഞ്ചായത്ത് അംഗം സോന ജയരാജ്, ബ്ലോക്ക് അംഗങ്ങളായ നിഷ ബാബു, മെർലി ജയിംസ് എന്നിവരും പഞ്ചായത്ത് അംഗങ്ങളും കർഷകരും കൃഷി ഓഫീസർമാരും കൊയ്ത്തിൽ പങ്കെടുത്തു.
വര്‍ഷങ്ങള്‍ക്കുമുന്പ് രണ്ട് ഏക്കറില്‍ ശ്രീനിവാസന്‍ തുടങ്ങിയ കൃഷി പിന്നീട് 102 ഏക്കറിൽവരെ ചെയ്തിരുന്നു. ശ്രീനിവാസനോടുള്ള ആദരസൂചകമായി പാടശേഖരത്തിനരികെ അദ്ദേഹത്തിന്റെ ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ശ്രീനിവാസന്റെ നേതൃത്വത്തിൽ മുന്പ് നവീകരിച്ച കുളക്കരയില്‍നിന്ന് പാടത്തേയ്ക്ക് നോക്കിനില്‍ക്കുന്ന രൂപത്തിലാകും പ്രതിമ സ്ഥാപിക്കുന്നത്.










0 comments