പീതവർണമാക്കി ഘോഷയാത്ര

എസ്എൻഡിപി യോഗം പറവൂർ യൂണിയന്റെ ജയന്തി സാംസ്കാരിക ഘോഷയാത്ര
കൊച്ചി/പറവൂർ
ജാതിഭേദവും മതവിദ്വേഷങ്ങളുമില്ലാതെ സാഹോദര്യം പുലരാൻ ആഹ്വാനംചെയ്‌ത ശ്രീനാരായണ ഗുരുവിന്റെ 171–മത് ജയന്തി നാടെങ്ങും ആഘോഷിച്ചു. വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുമന്ദിരങ്ങളിൽ പുഷ്‌പാർച്ചനയും പ്രാർഥനയും നടത്തി.
ആലുവ, കണയന്നൂർ, പറവൂർ, വൈപ്പിൻ, കുന്നത്തുനാട് എന്നിവിടങ്ങളിലെ ഘോഷയാത്രത്തയിൽ വിവിധ ശാഖകളിൽനിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ അണിചേർന്നു. മേളങ്ങൾ, നാടൻ കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, കാവടി തുടങ്ങിയവയും ഘോഷയാത്രയ്‌ക്ക് മാറ്റുകൂട്ടി. എസ്എൻഡിപി യോഗം പറവൂർ യൂണിയൻ സംഘടിപ്പിച്ച ജയന്തിസമ്മേളനം മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി. കണയന്നൂർ യൂണിയന്റെ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം തൃപ്പൂണിത്തുറയിൽ വി ഡി സതീശൻ ഉദ്ഘാടനം ചെയ്‌തു. ശ്രീനാരായണ ധർമസമാജം അയ്യപ്പൻകാവിൽ സംഘടിപ്പിച്ച ജയന്തിദിനാഘോഷത്തിന് പ്രസിഡന്റ് സി എം ശോഭനൻ പതാക ഉയർത്തി
എസ്എൻഡിപി യോഗം പറവൂർ യൂണിയൻ നേതൃത്വത്തിൽ വാദ്യമേളങ്ങൾ, കാവടിയാട്ടം, വിവിധ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ ചേന്ദമംഗലം കവലയിലെ യൂണിയൻ ഓഫീസിൽനിന്ന് പകൽ മൂന്നിന് ഘോഷയാത്ര തുടങ്ങി. താലൂക്കിലെ 72 ശാഖകളിൽനിന്ന് പതിനായിരങ്ങൾ അണിചേർന്നു. പഴയ യൂണിയൻ ഓഡിറ്റോറിയത്തിൽ ജയന്തിസമാപന സമ്മേളനം തുടങ്ങിയപ്പോഴും ആദ്യ പോയിന്റിൽനിന്ന് ശാഖകളുടെ ഘോഷയാത്ര തുടങ്ങിയിരുന്നില്ല. രാത്രി 7.30നാണ് ഘോഷയാത്ര സമാപിച്ചത്.
മന്ത്രി പി രാജീവ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ അധ്യക്ഷനായി. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം കൗൺസിലർ ഇ എസ് ഷീബ, ഡയറക്ടർമാരായ പി എസ് ജയരാജ്, എം പി ബിനു, ഇൻസ്പെക്ടിങ് ഓഫീസർ ഡി ബാബു, ഡി പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.










0 comments