ആർട്ടിക്കിൽ പഠനവുമായി ലക്ഷ്മി ദേവി

ഡോ. പി ലക്ഷ്മി ദേവി
ഷെഹിൻഷാ
Published on Nov 07, 2026, 04:34 AM | 1 min read
കൊച്ചി
കാലാവസ്ഥാവ്യതിയാനവും സമുദ്രത്തിലെ മാറ്റങ്ങളും സംബന്ധിച്ച നിർണായകവിവരങ്ങൾ തേടിയുള്ള ഇന്ത്യയുടെ ആർട്ടിക് ഗവേഷണദൗത്യത്തിൽ പങ്കാളിയായി കൊച്ചി ജെയിൻ സർവകലാശാലയിലെ അധ്യാപിക. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനുകീഴിലുള്ള നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് സംഘടിപ്പിച്ച 17–-ാമത് ഇന്ത്യൻ ആർട്ടിക് ദൗത്യസംഘത്തിനൊപ്പമായിരുന്നു മറൈൻ സയൻസ് വിഭാഗം അസി. പ്രൊഫ. ഡോ. പി ലക്ഷ്മി ദേവി പ്രവർത്തിച്ചത്.
ഒരുമാസം നീണ്ടുനിന്ന ഗവേഷണം പൂർത്തിയാക്കി രണ്ടാഴ്ചമുമ്പാണ് ലക്ഷ്മി കൊച്ചിയിൽ മടങ്ങിയെത്തിയത്. നോർവീജിയൻ ആർട്ടിക്കിലെ ന്യ-ഓലെസുണ്ടിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ആർട്ടിക് ഗവേഷണകേന്ദ്രമായ ഹിമാദ്രിയിലായിരുന്നു ഗവേഷണം. ലോകത്തിലെ തന്നെ ഏറ്റവും വടക്കേ അറ്റത്തുള്ള അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണകേന്ദ്രങ്ങളിലൊന്നാണിത്. കേരളത്തിന്റെ ഉഷ്ണമേഖലാ സമുദ്രതീരങ്ങളിൽനിന്നുള്ള ഗവേഷണപരിചയവുമായാണ് ലക്ഷ്മി ദേവി ആർട്ടിക്കിലെ മഞ്ഞുരുകുന്ന സമുദ്ര ആവാസവ്യവസ്ഥയെക്കുറിച്ച് പഠിക്കാനായി നോർവെയിൽ പോയത്.
ജെല്ലിഫിഷ് വര്ധനവിനുപിന്നില് ആർട്ടിക് മേഖലയിലെ കോങ്സ്ഫോർഡനിൽ ജെല്ലിഫിഷുകളുടെ അസാധാരണവർധനയും അതിന് പിന്നിലെ പാരിസ്ഥിതികകാരണങ്ങളുമാണ് ഡോ. ലക്ഷ്മി പ്രധാനമായും പഠനവിധേയമാക്കിയത്. സമുദ്രതാപനിലയിലുണ്ടാകുന്ന മാറ്റങ്ങൾ, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ ഘടകങ്ങൾ ജെല്ലിഫിഷുകളുടെ വളർച്ചയെയും വ്യാപനത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നതിലേക്കാണ് ഗവേഷണം വെളിച്ചം വീശുന്നത്. ആഗോളതാപനത്തിന്റെ ഫലമായി ആർട്ടിക് മേഖലയിലെ മഞ്ഞുപാളികൾ ഉരുകുകയും സമുദ്രത്തിന്റെ സ്വാഭാവിക പരിസ്ഥിതിയിൽ മാറ്റങ്ങളുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇത്തരം പഠനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
സമുദ്രത്തിലെ ജീവിവർഗങ്ങളുടെ നിലനിൽപ്പ്, ജൈവവൈവിധ്യത്തിലെ മാറ്റങ്ങൾ, ഭാവി സമുദ്ര ആവാസവ്യവസ്ഥയുടെ സ്വഭാവം എന്നിവ മനസ്സിലാക്കാൻ ഗവേഷണം സഹായകമാകും. ആഗോള ശാസ്ത്രവേദിയിലേക്ക് കാലാവസ്ഥാ വ്യതിയാനവും ധ്രുവപ്രദേശങ്ങളിലെ പാരിസ്ഥിതികമാറ്റങ്ങളും പഠിക്കാൻ വിവിധ രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ ഒത്തുചേരുന്ന പ്രധാനകേന്ദ്രമാണ് ന്യഓലെസുണ്ട്. ഹിമാദ്രി ഗവേഷണ കേന്ദ്രത്തിലൂടെ ഇന്ത്യയും ഈ ആഗോള ശാസ്ത്രകൂട്ടായ്മയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ദേശീയതലത്തിൽ ശ്രദ്ധേയമായ ദൗത്യത്തിൽ പങ്കെടുക്കാനായതില് അഭിമാനമുണ്ടെന്ന് ഡോ. ലക്ഷ്മി ദേവി പറഞ്ഞു.








0 comments