Deshabhimani

വിവരാവകാശ നിരോധന നീക്കം: വിവാദമായപ്പോൾ തടിതപ്പി കോർപറേഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2026, 04:42 AM | 1 min read

കൊച്ചി


വിവരാവകാശ അപേക്ഷകൾ തടയാനുള്ള നീക്കത്തിൽ പ്രതിഷേധവും വിവാദവും ഉയർന്നതോടെ ‘യു ടേൺ’ അടിച്ച്‌ കോർപറേഷൻ യുഡിഎഫ്‌ ഭരണസമിതി. അങ്ങനെയെന്നും ഉദേശിച്ചിട്ടേയില്ലെന്ന തരത്തിൽ സംസ്ഥാന വിവരാവകാശ കമീഷന്‌ വിശദീകരണം നൽകിയാണ്‌ കോർപറേഷൻ ഭരണ സമിതി തടിതപ്പിയത്‌.


തുടർച്ചയായി വിവരാവകാശ അപേക്ഷകൾ നൽകുന്നവരുടെ വിവരങ്ങൾ വിജിലൻസിന്‌ കൈമാറി അവർക്കെതിരെ അന്വേഷണത്തിന്‌ കോർപറേഷൻ തീരുമാനമെടുത്തത്‌ പ്രതിഷേധത്തിന്‌ വഴിവച്ചിരുന്നു. തുടർന്ന്‌ വിവരാവകാശ കമീഷൻ കോർപറേഷൻ സെക്രട്ടറിയോട്‌ വിശദീകരണം തേടി. വിവരാവകാശ നിയമത്തിന്റെ അന്തസത്ത ഹനിക്കുന്ന വിധത്തിൽ കോർപറേഷൻ തീരുമാനമെടുക്കുകയോ പ്രമേയം പാസാക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ സെക്രട്ടറി രേഖാമൂലം മറുപടി നൽകി. ചർച്ച മാത്രമാണ്‌ നടന്നത്‌. തുടർച്ചയായി പരാതികൾ നൽകുന്നവരുണ്ടെന്നും പിന്നീട്‌ ഒരുഘട്ടത്തിൽ അവർ പിൻവലിക്കുന്നുണ്ടെന്നും അത്തരക്കാരെക്കുറിച്ച്‌ അന്വേഷണം വേണമെന്നാണ്‌ ഉദേശിച്ചതെന്നും മറുപടി നൽകിയതായാണ്‌ വിവരം. ​


വിവരാവകാശ നിയമത്തിന്റെ കഴുത്തുഞെരിക്കുന്ന തീരുമാനത്തിൽനിന്ന്‌ ഗത്യന്തരമില്ലാതെയാണ്‌ കോർപറേഷൻ പിന്തിരിഞ്ഞത്‌. തുടർച്ചയായി അപേക്ഷ നൽകുന്നവർക്ക്‌ എതിരെ വിജിലൻസ്‌ അന്വേഷണം നടത്തിക്കാനായിരുന്നു നീക്കം. വിവരവാകാശ അപേക്ഷകൾ വഴി അഴിമതിയുടെയും ക്രമക്കേടുകളുടെയും വിവരങ്ങൾ പുറത്തുപോകാതെ ഒതുക്കാനാകുമെന്നായിരുന്നു കണക്കുകൂട്ടൽ. ക‍ൗൺസിലിൽ യുഡിഎഫ്‌ ക‍ൗൺസിലർമാരാണ്‌ ആവശ്യം ഉന്നയിച്ചത്‌. ജനാധിപത്യവിരുദ്ധവും പ‍ൗരാവകാശ ലംഘനവുമാണെന്ന്‌ ചൂണ്ടിക്കാട്ടി എൽഡിഎഫ്‌ അംഗങ്ങൾ നീക്കത്തെ എതിർത്തിരുന്നു. എന്നാൽ എതിർപ്പ്‌ മറികടന്ന്‌ മേയർ വി കെ മിനിമോൾ തീരുമാനമെടുക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home