Deshabhimani

രക്തശാലി നാടിന്റെ ‘ശക്തിശാലി’

Red Rice

കീഴില്ലം ഇലവൻകോട് പാടത്ത്‌ നടന്ന രക്തശാലി നെല്ല്‌ വിളവെടുപ്പ്‌ ഉത്സവത്തിൽനിന്ന്‌

വെബ് ഡെസ്ക്

Published on Nov 07, 2026, 04:39 AM | 2 min read

പെരുമ്പാവൂർ


ചെറുവയൽ രാമൻ നൽകിയ ഒരുപിടി വിത്ത്‌. തങ്ങൾക്ക്‌ ലഭിച്ച ഇ‍ൗ നിധിയെ രായമംഗലത്തെ കർഷകകൂട്ടായ്‌മ നെഞ്ചോടുചേർത്തു. ആ ഒരു പിടി വിത്ത് ഒരായിരം കതിരുകളായി കീഴില്ലം ഇലവൻകോട് പാടത്ത്‌ നൂറുമേനി വിളഞ്ഞുനിൽക്കുകയാണ്‌. ഒരേക്കർ 40 സെന്റിൽ രക്തശാലി നെല്ല്‌ വിളയിച്ച കർഷകകൂട്ടായ്‌മ നാടിന്റെ അഭിമാനമായി. രക്തശാലിയുടെ കൊയ്‌ത്തുത്സവം നാടിന്റെയാകെ ഉത്സവമായി മാറി.


പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകരും പ്രചാരകരുമായി മാറാൻ സാധിച്ച അഭിമാനത്തിലാണ്‌ കീഴില്ലം സഹകരണബാങ്ക് ജീവനക്കാരൻ അരിയപ്പിള്ളി ഷാജിയുടെയും കീഴില്ലം സഹകരണബാങ്ക് റിട്ട. സെക്രട്ടറി രവി എസ് നായരുടെയും നേതൃത്വത്തിലുള്ള എട്ടംഗ കർഷകസംഘം. വർഷങ്ങൾക്കുമുന്പ്‌ നടാൻ പറ്റിയ വിത്ത് തേടി വയനാട്ടിലെത്തിയ ഇവർക്ക് നെൽവിത്തുകളുടെ തമ്പുരാൻ ചെറുവയൽ രാമനാണ് രക്തശാലി നെൽവിത്ത് നൽകിയത്. കൃഷിചെയ്ത് നെല്ല് തിരികെ തരണമെന്ന വ്യവസ്ഥയും പറഞ്ഞു. ഒരു പറ രക്തശാലി അരി അദ്ദേഹത്തിന്‌ സമർപ്പിക്കാൻ കഴിയാത്ത ദുഖം മാത്രമാണ്‌ ഇവർക്കുള്ളത്.


കേരളത്തിന്റെ പരമ്പരാഗത നെൽവിത്തുകളിൽ ഏറെ ഔഷധ പ്രാധാന്യമുള്ള ഒന്നാണ് രക്തശാലി. ആധുനികകർഷകർ ഇതിനെ കൈവിട്ടത് അതിന്റെ തൂക്കക്കുറവും അതുമൂലമുള്ള നഷ്ടവും കാരണമാണ്‌. ചെറിയ അരിമണികളായതിനാൽ മറ്റ് നെല്ലിനങ്ങളേക്കാൾ അഞ്ചിലൊന്ന് തൂക്കംമാത്രമേ രക്തശാലിക്ക് ലഭിക്കൂ. എന്നാൽ കേരളത്തിന്റെ പരമ്പരാഗതവും ആരോഗ്യദായകവുമായ നെൽവിത്തിനെ കർഷകകൂട്ടായ്‌മ നെഞ്ചോടുചേർക്കുകയാണ്. രക്തശാലിയുടെ ഗുണങ്ങൾ തിരിച്ചറിഞ്ഞ നിരവധിയാളുകൾ ഇപ്പോൾ തന്നെ അരിയും വിത്തും മുൻകൂട്ടി ബുക്ക് ചെയ്‌തുകഴിഞ്ഞു. കീഴില്ലം സഹകരണബാങ്കിന്റെ വിപണികേന്ദ്രം വഴി ആവശ്യക്കാർക്ക് നൽകാനാണ്‌ തീരുമാനിച്ചിട്ടുള്ളത്.


സംഘം നെൽകൃഷി മാത്രമല്ല വാഴകളും പച്ചക്കറികളും നട്ടുവളർത്തുന്നുണ്ട്‌. ഇവർക്ക് എല്ലാവിധ പ്രോത്സാഹനവും നൽകി കീഴില്ലം സഹകരണബാങ്ക് പ്രസിഡന്റ് പി കെ സുകുമാരൻ, കൃഷി ഓഫീസർ ഒ എച്ച് ബാവു, കൃഷി അസിസ്റ്റന്റുമാരായ ദീപ ദാമോദരൻ, പി ജെ ജോർജ് എന്നിവരും ഒപ്പമുണ്ട്. മദനകുമാർ, പി കെ പി നായർ, എ കെ ഷാജി, രവി എസ്‌ നായർ, എ ബി സനീഷ്, കെ സി വർഗീസ്‌, റോജി ജോർജ്, എ ആർ ദാസ് എന്നിവർ ചേർന്ന്‌ രൂപീകരിച്ച കൃഷി ഫ്രണ്ട്‌സ് എന്ന കർഷകഗ്രൂപ്പാണ് കൃഷി നടത്തുന്നത്. മദനകുമാർ കീഴില്ലം സഹകരണബാങ്ക് ഭരണസമിതി അംഗമാണ്. കീഴില്ലം ബാങ്ക് പ്രമോട്ട് ചെയ്തിട്ടുള്ള കീഴില്ലം ഹണി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയാണ് ജൈവ രക്തശാലി അരി വിപണനം ചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home