Deshabhimani

ഇതാണ്‌, നൂറ്റാണ്ട്‌ മുന്പത്തെ കൊച്ചിയുടെ ആകാശക്കാഴ്‌ച

An aerial view of Kochi
വെബ് ഡെസ്ക്

Published on Nov 07, 2026, 04:47 AM | 2 min read

കൊച്ചിയുമായി ബന്ധപ്പെട്ട്‌ നൂറ്റാണ്ട്‌ പഴക്കമുള്ള രേഖയാണിത്‌. കോഴിക്കോട് സിവില്‍സ്റ്റേഷനിലെ റീജണല്‍ ആര്‍ക്കൈവ്‌സിൽനിന്ന്‌ അടുത്തിടെ മാത്രം കണ്ടെടുത്തത്‌. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗം മേധാവിയായി വിരമിച്ച ഡോ.എം സി വസിഷ്ഠിന്റെ ഗവേഷണത്തിനിടെയാണ്‌ ഇത്‌ കണ്ടെത്തിയത്.


1920 സെപ്തംബര്‍ 30ന് കൊച്ചിയിലെ മെഡിക്കല്‍ ഓഫീസറായിരുന്ന എ സി ഡഫ് മദ്രാസിലെ ലോക്കല്‍ ആൻഡ്‌ മുനിസിപ്പല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി എഫ് ജെ റിച്ചാര്‍ഡ്‌സിന്‌ അയച്ച നീണ്ട കുറിപ്പാണ്‌. അതേവർഷം ഒക്ടോബര്‍ 14ന് മദ്രാസ്‌ ഗവർണർ കൊച്ചി സന്ദര്‍ശിക്കുന്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താൻ കൊച്ചിൻ ചേംബര്‍ ഓഫ് കൊമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്‌ട്രി സമർപ്പിച്ച മെമോറാണ്ടത്തിലെ വിവരങ്ങളാണ്‌ ഇതിലുള്ളത്‌. 1857ൽ യൂറോപ്യൻ വ്യവസായ പ്രമുഖർ സ്ഥാപിച്ച കൊച്ചിൻ ചേംബറിൽ, 1936 വരെ വിദേശകന്പനികളും വ്യവസായികളും മാത്രമാണ്‌ അംഗങ്ങളായിരുന്നത്‌.


memmorandum കൊച്ചിൻ ചേംബര്‍ ഓഫ് കൊമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്‌ട്രി സമർപ്പിച്ച മെമ്മോറാണ്ടത്തിലെ വിവരങ്ങളടങ്ങിയ പുരാരേഖ


സ്വാഭാവികമായും ബ്രിട്ടീഷ്‌ ഭരണത്തിന്‌ താൽപ്പര്യമുള്ള കാര്യങ്ങളിൽ സഹായകമായ നിർദേശങ്ങളും വിവരങ്ങളും നൽകാനാണ്‌ മെമ്മോറാണ്ടത്തിലൂടെ ശ്രമിക്കുന്നത്‌. നൂറുവര്‍ഷങ്ങള്‍ക്കുമുമ്പുള്ള കൊച്ചിയുടെ ചെറുചിത്രം ആ കുറിപ്പിലുണ്ട്‌.


മെമ്മോറാണ്ടം നൽകുന്ന കാലത്ത്‌ രാജ്യത്തെ ഏറ്റവും വലിയ മനുഷ്യനിർമിതദ്വീപായ വില്ലിങ്ടൺ ഐലന്റ്‌ 3.2 ചതുരശ്ര കിലോമീറ്ററിൽ നിർമിച്ചിട്ടില്ല. മട്ടാഞ്ചേരി ഹാൾട്ടും ഹാർബർ ടെർമിനസും വെണ്ടുരുത്തി, മട്ടാഞ്ചേരി പാലങ്ങളും ഉയർന്നിട്ടില്ല. എന്നാൽ തുറമുഖം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1920ൽ തന്നെ 39 കാരനായ റോബർട്ട്‌ ബ്രിസ്‌റ്റോ എന്ന ഹാർബർ എൻജിനീയറെ വൈസ്രോയി ലോർഡ്‌ വില്ലിങ്ടൻ ആ ചുമതല എൽപ്പിച്ചുകഴിഞ്ഞിരുന്നു. ഇന്നുകാണുന്ന നിർമാണങ്ങളൊന്നുമില്ലാത്ത കൊച്ചി ജനനിബിഡവും തെങ്ങിൻതോപ്പുകൾ നിറഞ്ഞതുമായ പ്രദേശമായിരുന്നെന്ന്‌ കുറിപ്പിൽനിന്ന്‌ മനസിലാക്കാം.


ഇന്നത്തെ പോലെ കൊതുക്‌ നിറഞ്ഞ പ്രദേശമായിരുന്നു നൂറ്റാണ്ട്‌ മുന്പത്തെ കൊച്ചിയും എന്നത്‌ ക‍ൗതുകകരമായ വിവരമാണ്‌. കൊച്ചിയിൽ യൂറോപ്യന്‍ ബംഗ്ലാവുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തുക, അവിടെ പ്രവർത്തിക്കുന്ന പഴയ ആശുപത്രി ഉണ്ടാക്കുന്ന മലിനീകരണപ്രശ്‌നങ്ങള്‍ ശ്രദ്ധയിൽപ്പെടുത്തുക എന്നിവയാണ്‌ കൊച്ചിൻ ചേംബർ പ്രധാനമായും കത്തിലൂടെ അറിയിക്കാനുദ്ദേശിച്ച കാര്യങ്ങൾ. കൊച്ചിയിലെ മുഴുവന്‍ ജനവാസമേഖലയും താഴ്‌ന്ന പ്രദേശത്താണെന്ന്‌ ചേംബർ സാക്ഷിപ്പെടുത്തുന്നു. ആധുനിക ഡ്രൈനേജ് സംവിധാനമില്ലാത്തത്‌ ബുദ്ധിമുട്ടാണ്‌. കടലിനോട് ചേര്‍ന്നതല്ലാത്ത പ്രദേശങ്ങള്‍ വൃത്തിഹീനവും കൊതുകുകള്‍ നിറഞ്ഞതുമാണ്‌. ഇത്തരം സാഹചര്യങ്ങൾ യൂറോപ്യന്മാര്‍ക്ക് അനാരോഗ്യകരമാണ്‌. ചുരുക്കം തുറസ്സായ സ്ഥലങ്ങള്‍ ഒഴിച്ചാല്‍, കടലില്‍ നിന്നകന്ന മുഴുവന്‍ പ്രദേശവും -തെങ്ങിന്‍തോപ്പുകളാണ്‌. അമിത ജനസാന്ദ്രതയുള്ള ബ്രിട്ടീഷ്‌ കൊച്ചിയിൽ യൂറോപ്യൻ ബംഗ്ലാവുകൾ നിർമിക്കാൻ സ്ഥലം ലഭ്യമല്ലെന്നും തദ്ദേശീയരെ ഒഴിപ്പിച്ച്‌ സ്ഥലം കണ്ടെത്താൻ പ്രയാസമാണെന്നും പറയുന്നു. സ്ഥലം കണ്ടെത്താൻ ചില നിർദേശങ്ങളും മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home