‘യുവതയ്‌ക്കൊപ്പം കളമശേരി' ; 160 ക്ലബ്ബുകൾക്ക് സ്പോർട്‌സ് കിറ്റ് സമ്മാനിച്ചു

കളമശേരി
കളമശേരി നിയമസഭാ മണ്ഡലത്തിലെ എല്ലാ സ്പോർട്‌സ് ക്ലബ്ബുകൾക്കും വ്യവസായമന്ത്രി പി രാജീവ് സമ്പൂർണ സ്പോർട്‌സ് കിറ്റ് സമ്മാനിച്ചു. മണ്ഡലത്തിൽ രജിസ്റ്റർ ചെയ്ത 160 ക്ലബ്ബുകൾക്കാണ് മന്ത്രി പി രാജീവ് നടപ്പാക്കുന്ന ‘യുവതയ്‌ക്കൊപ്പം കളമശേരി' പദ്ധതിയിൽ സൗജന്യമായി കിറ്റുകൾ നൽകിയത്. കളിച്ചുതോൽപ്പിക്കാം ലഹരിയെ എന്ന സന്ദേശം നൽകിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബോൾ തുടങ്ങി വിവിധ ഇനങ്ങൾക്കാവശ്യമുള്ള ഉപകരണങ്ങളും ചെസ്, കാരംസ് തുടങ്ങിയവയും കിറ്റിലുണ്ട്. മുത്തൂറ്റ് ഗ്രൂപ്പ്, ഈസ്റ്റേൺ, കനറാ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ക്ലബ്ബുകളുടെ യോഗം വിളിച്ചുചേർത്ത് അഭിപ്രായം തേടിയശേഷമാണ് കിറ്റിലെ സാമഗ്രികൾ തീരുമാനിച്ചത്. ക്ലബ്ബുകൾ ആവശ്യപ്പെട്ടതെല്ലാം കിറ്റിൽ ഉൾപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ കായികസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നത്. കങ്ങരപ്പടിയിൽ ഒരുകോടി രൂപ ചെലവിൽ സ്റ്റേഡിയം നിർമിച്ചു. 10 കോടി രൂപ ചെലവഴിച്ച് കുസാറ്റ് സ്റ്റേഡിയം, ചങ്ങമ്പുഴനഗർ ഗ്രൗണ്ട്, കടുങ്ങല്ലൂർ വൃന്ദാവനം ഗ്രൗണ്ട്, ആലങ്ങാട് കൊടുവഴങ്ങ വോളിബോൾ ഗ്രൗണ്ട്, കടുങ്ങല്ലൂർ കോസ്മോസ് വോളിബോൾ ഗ്രൗണ്ട്, വട്ടേക്കുന്നം ടർഫ്, പഴന്തോട് ഓപ്പൺ ജിം, തടിക്കക്കടവ് പാലം ഓപ്പൺ ജിം, കളമശേരി ഗ്ലാസ് കോളനി ഓപ്പൺ ജിം എന്നീ പദ്ധതികളാണ് മണ്ഡലത്തിന്റെ കായികവികസനത്തിനായി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നഗരസഭാ ചെയർപേഴ്സൺ എ ഡി സുജിൽ അധ്യക്ഷനായി. മുത്തൂറ്റ് ഗ്രൂപ്പ് എംഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ഒളിമ്പ്യൻ മേഴ്സി കുട്ടൻ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, മൊയ്തീൻ നൈന, ജോർജ് തോമസ്, ജില്ലാ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എ ആർ രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു.









0 comments