വിജ്ഞാന എറണാകുളം
പഠിച്ചിറങ്ങുമ്പോൾത്തന്നെ ജോലി ; മുഴുവൻ കലാലയങ്ങളിലും സ്കിൽ സെന്റർ

ജെയ്‌സൺ ഫ്രാൻസിസ്
Published on Aug 06, 2025, 02:36 AM | 1 min read
കൊച്ചി
ജില്ലയിലെ മുഴുവൻ കലാലയങ്ങളിലും സ്കിൽ സെന്റർ രൂപീകരിക്കാൻ വിജ്ഞാന എറണാകുളം. കോളേജുകളിൽനിന്ന് പഠിച്ചിറങ്ങുമ്പോൾത്തന്നെ വിദ്യാർഥികൾക്ക് ജോലി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്കിൽ സെന്ററുകൾ ആരംഭിക്കാനൊരുങ്ങുന്നത്. നിലവിൽ ജില്ലയിലെ തൊഴിലന്വേഷകർക്ക് തൊഴിൽ നൽകാനുള്ള മേളകൾ സംഘടിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഇതിനുപുറമെയാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിജ്ഞാനകേരളം ക്യാമ്പയിന്റെ ഭാഗമായി കോളേജുകളിലെ അവസാനവർഷ വിദ്യാർഥികളെ ലക്ഷ്യമിട്ട് സ്കിൽ സെന്ററുകൾ രൂപീകരിക്കുന്നത്.
കോളേജുകളിൽ സജ്ജമാക്കുന്ന സ്കിൽ സെന്റർ വഴി വിവിധ തൊഴിൽമേഖലകളുമായി ബന്ധപ്പെട്ട കോഴ്സുകളെ അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് നൈപുണി പരിശീലനം നൽകും. തുടർന്ന് വിജ്ഞാന എറണാകുളവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ, കമ്പനികൾ ഉൾപ്പെടെയുള്ള തൊഴിൽദാതാക്കളുമായി ബന്ധപ്പെട്ട് പ്ലേസ്മെന്റ് നൽകും. ജില്ലയിലെ മുഴുവൻ ഗവ, എയ്ഡഡ്, സ്വയംഭരണ, പ്രൊഫഷണൽ ഉൾപ്പെടെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കും. 11ന് മഹാരാജാസ് കോളേജിൽ നടത്തുന്ന ശിൽപ്പശാലയിൽ കർമപദ്ധതിക്ക് രൂപംനൽകും. കോളേജുകളിലെ പ്രിൻസിപ്പൽ, പ്ലേസ്മെന്റ് ഓഫീസർ, എൻഎസ്എസ് കോ–ഓർഡിനേറ്റർമാർ, ഐക്യുഎസി കോ–ഓർഡിനേറ്റർമാർ എന്നിവരെ പങ്കെടുപ്പിച്ചാണ് ശിൽപ്പശാല. നിലവിൽ മികച്ചനിലയിൽ നൈപുണി പരിശീലനവും പ്ലേസ്മെന്റും നടത്തുന്ന നാല് കലാലയങ്ങൾ അനുഭവം പങ്കുവയ്ക്കും. തുടർന്ന് പൊതുചർച്ച. ഇതിലുൾപ്പെടെ ഉരുത്തിരിയുന്ന ആശയങ്ങൾ അടിസ്ഥാനമാക്കി അടുത്തവർഷത്തേക്കുള്ള കർമപദ്ധതി രൂപീകരിക്കും.
കുടുംബശ്രീയുമായി ചേർന്ന് ഓണത്തിന് ഒരുലക്ഷം തൊഴിൽ ലക്ഷ്യമിട്ടുള്ള സംസ്ഥാന ക്യാമ്പയിൻ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ജില്ലയിൽ ചുരുങ്ങിയത് 15,000 തൊഴിൽ ഇൗ മാസം നടക്കുന്ന പ്രാദേശികമേളകളിൽ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. കുടുംബശ്രീ വഴിയാണ് തൊഴിൽ അന്വേഷകരെ കണ്ടെത്തുന്നത്. തൊഴിൽദാതാക്കൾ സഹകരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. പ്രാദേശിക തൊഴിൽമേളകൾക്കുശേഷം സെപ്തംബറിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കും.









0 comments